തൃശൂർ: വേളൂക്കര പട്ടേപ്പാടത്ത് തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെടുത്തു. പട്ടേപ്പാടം എസ്എൻഡിപി ബ്ലോക്ക് ജംഗ്ഷൻ റോഡിൽ ആനയ്ക്കതോട്ടിന് സമീപം അലങ്കാരത്ത്പറമ്പിൽ ബെൻസിലിന്റെയും ബെൻസിയുടെയും ഏക മകൻ ആരോം ഹെവനാണു മരിച്ചത്. 2021 നവംബർ 14 ഞായറാഴ്ച രാവിലെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്.
വീട്ടിൽ കുളിപ്പിക്കാനായി നിർത്തിയ സമയത്ത് പെട്ടെന്ന് ഓടി തൊട്ടടുത്തുള്ള തോട്ടിൽ കാൽ വഴുതി വീഴുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. കുട്ടിയുടെ അമ്മയും കൂടെ ചാടിയെങ്കിലും തോട്ടിൽ ശക്തമായ കുത്തൊഴുക്കുണ്ടായതിനാൽ രക്ഷിക്കാനായില്ല.വിവരമറിയിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുട, ആളൂർ പൊലീസിന്റെയും അഗ്നിശമനസേനയുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തി. തൃശൂരിൽനിന്നും മുങ്ങൽ വിദ്ഗധരും തിരച്ചിലിനായി സ്ഥലത്തെത്തി

