കിരണം പദ്ധതി ഉദ്ഘാടനം ചെയ്തു

പാലക്കാട്: കുട്ടികളുടെ രോഗ പ്രതിരോധം മെച്ചപ്പെടുത്തുന്ന ഭാരതീയ ചികിത്സാ വകുപ്പിന്റെ കിരണം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വഹിച്ചു. സ്‌കൂള്‍ തുറക്കുന്നതോടനുബന്ധിച്ച് വിദ്യാര്‍ഥികളുടെ കോവിഡ് പ്രതിരോധം ഉള്‍പ്പെടെയുള്ള സമഗ്ര ആരോഗ്യ പരിപാലന ചികിത്സാ പദ്ധതിയാണ് കിരണം. കുട്ടികള്‍ക്ക് ആവശ്യമായ പ്രതിരോധ മരുന്നുകള്‍ അതാത് പഞ്ചായത്തിലെ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍, ആശുപത്രികള്‍ വഴി ലഭ്യമാക്കുന്നതോടൊപ്പം ആരോഗ്യകരമായ ഭക്ഷണ രീതികളെക്കുറിച്ചും ജീവിതശൈലി, യോഗ മാര്‍ഗങ്ങളെ കുറിച്ചും ബോധവത്ക്കരണവും കിരണം പദ്ധതിയില്‍ ഉണ്ടാവും. കോവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കും പുനരധിവാസത്തിനുമുള്ള മരുന്നുകള്‍ക്കൊപ്പം കുട്ടികളില്‍ ആവര്‍ത്തിച്ചു വരുന്ന ശ്വാസകോശ അണുബാധകള്‍ കുറയ്ക്കുന്നതിനും പോഷണം മെച്ചപ്പെടുത്തുന്നതിനുമുള്ള രസായന ഔഷധങ്ങള്‍ ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറികളില്‍ സജ്ജമാക്കിയിട്ടുണ്ട്.

കിരണം പദ്ധതിയുടെ പോസ്റ്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഉഷയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്.ഷിബു അധ്യക്ഷനായി. നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സുനിത, കിരണം പദ്ധതി കോര്‍ഡിനേറ്റര്‍ ഡോ.എ.ഷാബു, ആയുഷ്ഗ്രാം പദ്ധതി മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രസീത, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ജില്ലാ വൈസ് പ്രസിഡന്റ് ഡോ.ആതിരലക്ഷ്മി, പി.ടി.എ പ്രസിഡന്റ് ജിസ, ഡോ.യു.ബാബു സംസാരിച്ചു. കിരണം പദ്ധതിയില്‍ അംഗമാവാന്‍ അതാത് പഞ്ചായത്തിലെ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയെ സമീപിക്കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →