ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വൃശ്ചികം 1 മുതല്‍ ഭക്തരെ ദര്‍ശനത്തിനായി നാലമ്പലത്തില്‍ പ്രവേശിപ്പിക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനം. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവന്ന സാഹചര്യത്തിലാണ് തീരുമാനം. കോവിഡ് മാനദണ്ഡം പൂര്‍ണമായി പാലിച്ച് വൃശ്ചികം 1ന് പുലര്‍ച്ചെ അഞ്ചിന് പ്രഭാത ഭക്ഷണം മുതല്‍ പ്രസാദം ഊട്ടും പുനരാരംഭിക്കും.
വെര്‍ച്വല്‍ ക്യൂ മുഖേനയാണ് നാലമ്പലത്തിനകത്ത് ദര്‍ശനം അനുവദിക്കുക. ഇതിനായി ഓണ്‍ലൈന്‍ ബുക്കിംഗ് തുടരും.കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നിയമ തടസമില്ലെങ്കില്‍ കുട്ടികളുടെ ചോറൂണ്, തുലാഭാരം എന്നിവയും വൃശ്ചികം 1ന് തുടങ്ങും.ക്ഷേത്രസന്നിധിയില്‍ നടക്കുന്ന വിവാഹങ്ങള്‍ക്കും നിയന്ത്രണങ്ങളില്‍ ഇളവനുവദിച്ചിട്ടുണ്ട്. വിവാഹ മണ്ഡപത്തില്‍ അനുവദിക്കുന്ന പത്തുപേര്ക്കുപുറമെ മണ്ഡപത്തിന് താഴെ 10 പേര്‍ക്കും നാല് ഫോട്ടോഗ്രാഫര്‍മാര്‍ക്കും അനുമതി നല്‍കും.
ദേവസ്വം ഭരണ സമിതി യോഗത്തില്‍ ചെയര്മാന് അഡ്വ. കെബി മോഹന്‍ദാസ്, അദ്ധ്യക്ഷനായി. ദേവസ്വം കമ്മീഷണര്‍ ബിജു പ്രഭാകര്‍, ഭരണസമിതി അംഗങ്ങളായ ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട്, മല്ലിശേരി പരമേശ്വരന് നമ്പൂതിരിപ്പാട്,എ.വി പ്രശാന്ത്,കെ അജിത്, കെവി ഷാജി, ഇപിആര്‍.വേശാല, അഡ്വ. കെ വി മോഹനകൃഷ്ണന്, അഡ്മിനിസ്ട്രേറ്റര്‍ കെപി വിനയന് എന്നിവര്‍ സന്നിഹിതരായി.

