പ്രണയ തർക്കം: കൂട്ടുകാരിയുടെ വീട്ടിൽ ആക്രമണം നടത്തിയ 4 അം​ഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

കടുത്തുരുത്തി ∙ പ്രണയ തർക്കത്തിന്റെ പേരിൽ കൂട്ടുകാരിയുടെ വീട്ടിൽ ആക്രമണം നടത്തിയ കേസിൽ വിദ്യാർഥിനിയും സുഹൃത്തുക്കളും അടക്കം 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് നേതൃത്വം നൽകിയ പ്ലസ് വൺ വിദ്യാർഥിനി, സുഹൃത്ത് കുറിച്ചി ഇത്തിത്താനം പുതുവേലിൽ എണ്ണക്കച്ചിറ ജിബിൻ രാഹുൽ (21), ജിബിന്റെ സുഹൃത്തുക്കളായ കുറിച്ചി ഫ്രഞ്ച് മുക്ക് കൊച്ചുപറമ്പിൽ സുധീഷ് സുഗതൻ (23), മാമ്മൂട് മാടപ്പള്ളി പഴത്തോട്ടത്തിൽ കൃഷ്ണകുമാർ രാമകൃഷ്ണൻ (രാഹുൽ (26) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. 17 വയസ്സുകാരിയെ ജുവനൈൽ കോടതിയിലും സുഹൃത്തുക്കളെ കോടതിയിലും ഹാജരാക്കുമെന്ന് എസ്എച്ച്ഒ കെ.ജെ. തോമസ് അറിയിച്ചു. സംഘാംഗമായ മാമ്മൂട് സ്വദേശി ഷിബിൻ (26) ഒളിവിലാണ്

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: അറസ്റ്റിലായ വിദ്യാർഥിനിയുടെ കൂട്ടുകാരിയുടെ മങ്ങാട്ടെ വീട്ടിലാണ് സംഘം ആക്രമണം നടത്തിയത്. അറസ്റ്റിലായ പെൺകുട്ടിയുടെ സുഹൃത്താണ് ജിബിൻ. ജിബിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടെന്നു മങ്ങാട് സ്വദേശിനി സുഹൃത്തുക്കളോടു പറഞ്ഞുവെന്ന് ആരോപിച്ചാണ് ഞായറാഴ്ച രാത്രി എട്ടരയ്ക്ക് സംഘം ആക്രമണം നടത്തിയത്. വിദ്യാർഥിനിയുടെ പിതാവിനെയും മാതാവിനെയും സംഘം മർദിച്ചു. അക്രമം തടുക്കാൻ ശ്രമിച്ച അയൽവാസിയായ അശോകനെ കുത്തി. നാട്ടുകാർ ഓടിയെത്തിയതോടെ സ്ഫോടക വസ്തു എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സംഘം ചിതറി ഓടി. വിദ്യാർഥിനിയെയും രണ്ടു പേരെയും നാട്ടുകാർ പിടിച്ചു. ഒരാൾ കടന്നുകളഞ്ഞു.

നെഞ്ചിനു കുത്തേറ്റ അശോകൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അപകടനില തരണം ചെയ്തു. കൈക്കു പരുക്കേറ്റ ജിബിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശോകനെ കുത്താൻ ഉപയോഗിച്ച കത്തികണ്ടെടുത്തു. സ്ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങൾ കോട്ടയത്തു നിന്നും എത്തിയ ഫൊറൻസിക് വിദഗ്ധർ ശേഖരിച്ചു. വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചു. പ്രതികൾ എത്തിയ കാറും പിടികൂടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →