സ്കൂളുകൾ തുറന്നു; കോവിഡ് കാലത്ത് കുട്ടികൾക്കു കൂട്ടാകാൻ വളർത്തിയ അരുമമൃഗങ്ങൾ പലതും തെരുവിൽ

തൃശ്ശൂർ : കോവിഡ് കാലത്ത് കുട്ടികൾക്ക് കൂട്ടാകാൻ വളർത്തിയ പട്ടികളും പൂച്ചകളും സ്കൂളുകൾ തുറന്നതോടെ പലയിടത്തും തെരുവിൽ. നഗരങ്ങളിലെ ആളൊഴിഞ്ഞ വീട്ടു പറമ്പുകളിലും മറ്റും ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്ന അരുമമൃഗങ്ങളുടെ എണ്ണത്തിൽ പെട്ടന്ന് വർദ്ധനയുണ്ടായെന്നാണ് മൃഗ സ്നേഹികൾ പറയുന്നത്.

ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏറെക്കുറേ പൂർണമായും നീക്കം ചെയ്യപ്പെടുകയും സ്കൂളുകളും കോളജുകളും തുറക്കുകയും ചെയ്തതോടെ നിരവധി വീടുകളിൽ അരുമമൃഗങ്ങളെ നോക്കാനും അവയ്ക്ക് ഭക്ഷണം നൽകാനും ആളില്ലാതായി. ഇതോടെ പലരും ഇവയെ വിറ്റൊഴിവാക്കാനുള്ള ശ്രമം തുടങ്ങി. വിൽപന നടക്കാതെ വരുമ്പോഴാണ് ഇത്തരം മൃഗങ്ങൾ നിർദയം ഉപേക്ഷിക്കപ്പെടുന്നത്.

അരുമമൃഗങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും ലൈസൻസ് ഏർപ്പെടുത്തുന്നതിനുളള തീരുമാനവും ഉപേക്ഷിക്കപ്പെടുന്ന ജീവികളുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ട് എന്നാണ് സൂചന.

ലൈസൻസ് അനിവാര്യമെങ്കിലും കോവിഡ് കാലത്ത് നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന വാദവുമായി തദ്ദേശസ്ഥാപന അധികൃതരും രംഗത്തുണ്ട്.

ഓമനമൃഗങ്ങൾ, വളർത്തുമൃഗങ്ങൾ എന്നിങ്ങനെ രണ്ടായിത്തിരിച്ചുള്ള ലൈസൻസ് സമ്പ്രദായമാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്.

പൂച്ച, പട്ടി, ലൗബേഡ്‌സ് തുടങ്ങിയവയെ അരുമമൃഗങ്ങളായും കോഴി, താറാവ്, ആട്, പശു, എരുമ, പന്നി, കോഴി, മുയൽ തുടങ്ങിയവയെ വളർത്തുമൃഗങ്ങളായും പരിഗണിക്കും. ഇവയ്ക്കെല്ലാം ആറുമാസത്തിനകം ലൈസൻസ് നൽകാനാണ് ഉദ്ദേശിക്കുന്നത്. ലൈസൻസില്ലാത്തവയെ വളർത്തുന്നവരിൽനിന്ന് പിഴയീടാക്കാനും വ്യവസ്ഥയുണ്ട്.

എന്നാൽ ആയുർദൈർഘ്യവും പ്രജനനശേഷിയും കൂടുതലുള്ള നാടൻ ഇനങ്ങളിൽപ്പെട്ട മൃഗങ്ങളെ വളർത്തുന്നവർ ഇതോടെ തദ്ദേശസ്ഥാപനങ്ങളിൽ നിരവധിതവണ കയറിയിറങ്ങേണ്ടിവരും. തദ്ദേശസ്ഥാപന ജീവനക്കാരുടെ ജോലിഭാരം ഇത് ഇരട്ടിയാക്കും. നായ്ക്കൾക്കുംമറ്റും ഭക്ഷണം നൽകുന്നവരും അതിനു മടിക്കും. പിഴയും അലച്ചിലും മറ്റു നടപടികളും ഭയന്ന് പൂച്ചകളെയും പട്ടികളെയും ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുമെന്നാണ് മൃഗസ്നേഹികൾ ചൂണ്ടിക്കാട്ടുന്നത്.

തെരുവുനായ്ക്കൾ പെരുകാനും ഇടയാക്കും. ലൈസൻസ് നടപടിക്രമങ്ങൾ ഓൺലൈനാക്കിയാൽ കുറച്ചുകൂടി എളുപ്പമാകുമെന്നാണ് ഇവരുടെ അഭിപ്രായം.

എന്നാൽ പുതിയ നിയമം മൃഗങ്ങളെ വളർത്തുന്നവരെ കൂടുതൽ ഉത്തരവാദിത്വബോധമുള്ളവരാക്കുമെന്നാണ് മൃഗസംരക്ഷണവകുപ്പ് അധികൃതരുടെ വാദം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →