പത്തനംതിട്ട: കുട്ടികള്‍ക്ക് മാതൃകയായി അധ്യാപകരും മാതാപിതാക്കളും മാറണം: ജില്ലാ കളക്ടര്‍

പത്തനംതിട്ട: കുട്ടികള്‍ക്ക് മാതൃകയായി അധ്യാപകരും മാതാപിതാക്കളും മാറണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കോന്നി ഗവ.എല്‍.പി.സ്‌കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. 

കുട്ടികളിലെ കലാവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കണം. കുട്ടികള്‍ക്ക് നല്ല ഓര്‍മ്മകള്‍ നല്‍കുവാന്‍ സ്‌കൂളുകള്‍ക്ക് കഴിയണം. 590 ദിവസങ്ങള്‍ക്കു ശേഷമാണ് കുട്ടികള്‍ സ്‌കൂളില്‍ വരുന്നത്. കുട്ടികളെ സൂക്ഷ്മമായി പരിപാലിച്ചുകൊണ്ടു പോകാന്‍ സാധിക്കണം. എന്നും സ്‌കൂളുകളില്‍ വരുന്ന ശീലം കുട്ടികളില്‍ വളര്‍ത്തിയെടുക്കണമെന്നും അധ്യാപകരോട് ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരം കണ്ടെത്തി പഠിച്ചു വളരണമെന്നും കളക്ടര്‍ പറഞ്ഞു. 124 കുട്ടികളാണ് കോന്നി ഗവ.എല്‍.പി.സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പഠനം തുടങ്ങിയത്. കുട്ടികള്‍ക്കായി ഗാനം ആലപിക്കുകയും അവരുമായി സംവദിച്ചതിനുശേഷമാണ് കളക്ടര്‍ മടങ്ങിയത്.

പി.ടി.എ പ്രസിഡന്റ് പേരൂര്‍ സുനില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ ഡോ. എം.എസ് സുനില്‍ മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ബീനാ റാണി, എ.ഇ.ഒ കുഞ്ഞുമൊയ്തീന്‍ കുട്ടി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓര്‍ഡിനേറ്റര്‍ എസ്. രാജേഷ്, ഹെഡ് മാസ്റ്റര്‍ ബി.റഹീം, പി.ടി.എ വൈസ് പ്രസിഡന്റ് വിനോദ് ഇളകൊള്ളൂര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →