എറണാകുളം: കോവിഡ് പ്രതിരോധത്തിന് സ്കൂൾ കുട്ടികൾക്കുള്ള കിരണം ആയുർവേദ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഒരാഴ്ച നീണ്ടു നില്ക്കുന്ന വിവിധ പരിപാടികളുടെയും ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. ഭാരതീയ ചികിസാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് പരിപാടി. ഓൺലൈനായി നടക്കുന്ന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവ്വഹിക്കും. ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: സോണിയ ഇ എ അധ്യക്ഷത വഹിക്കും. ആയുഷ് മിഷൻ ഡി.പി.എം ഡോ: എം.എസ്. നൗഷാദ്, ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ലീനാറാണി,എൻ.എച്ച്.എം ഡി.പി.എം. ഡോ: സജിത് ജോൺ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡോ: ടിന്റു എലിസബത്ത്, പായിപ്ര മെഡിക്കൽ ഓഫീസർ ഡോ: ജോസഫ് തോമസ് എന്നിവർ പ്രസംഗിക്കും. ആയുഷ്ഗ്രാം മെഡിക്കൽ ഓഫീസർ ഡോ: ജിൻഷ ക്ലാസ് നയിക്കും.
പോഷണത്തിന് ആയുർവേദം എന്ന വിഷയത്തിൽ ബോധവൽക്കരണ പരിപാടികൾ, ആരോഗ്യകരമായ ഭക്ഷണങ്ങളെ പരിചയപ്പെടുത്തുക തുടങ്ങിയ പരിപാടികൾ എല്ലാ പഞ്ചായത്തുകളിലെയും ആയുർവേദ ഡിസ്പെൻസറികൾ, ആശുപതികൾ കേന്ദ്രീകരിച്ച് നടത്തും. മൂവാറ്റുപുഴയിലെ ആയുഷ് ഗ്രാമത്തിന്റെ നേതൃത്വത്തിൽ ഐ.സി.ഡി.എസ് അംഗൻവാടി എന്നിവരുമായി സഹകരിച്ച് ആയുർവേദത്തിലെ പോഷക ആഹാര രീതികൾ പരിചയപ്പെടുത്തും.
കോവിഡ് പ്രതിരോധത്തിനായുള്ള കേരള സർക്കാർ ആയുർവേദ പദ്ധതിയായ കിരണം പദ്ധതിക്കും ചൊവ്വാഴ്ച തുടക്കം കുറിക്കും. സർക്കാർ ആശുപത്രികൾ, ഡിസ്പെൻസറികൾ എന്നിവിടങ്ങളിലെ ആയുർ രക്ഷാ ക്ലിനിക്കുകൾ വഴിയാണ് നടപ്പിലാക്കുക. ഓരോ കുട്ടികളുടെയും ആരോഗ്യസ്ഥിതി വിലയിരുത്തി ഡോക്ടറുടെ മേൽനോട്ടത്തിൽ പ്രത്യേക മരുന്നുകൾ നല്ക്കും. കുട്ടികൾക്കുള്ള യോഗയും ഉൾപ്പെടുത്തിയിട്ടുണ്ട്. രക്ഷിതാക്കളുടെ സമ്മതത്തോടെ എല്ലാ കുട്ടികൾക്കും പ്രയോജനം ലഭിക്കുന്ന തരത്തിലാകും നടപ്പാക്കുക. ഭാരതീയ ചികിസാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ , ആയുർവേദ കോളേജ് എന്നിവരുടെ നേതൃത്വത്തിൽ സർക്കാർ സ്വകാര്യ മേഖലകളുടെ സഹകരണം ഉറപ്പാക്കുന്ന ജില്ലാ ആയുർവേദ കോവിഡ് റെസ്പോൺസ് സെല്ലിന്റെ ഏകോപനത്തിലുമാകും പ്രവർത്തനങ്ങൾ നടക്കുക.

