ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം രജനീകാന്ത് കഴിയുന്ന ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പോലീസ് സുരക്ഷ ശക്തമാക്കി. 30 പോലീസ് ഉദ്യോഗസ്ഥരെയാണ് ആശുപത്രിക്ക് മുമ്പിൽ നിയോഗിച്ചിട്ടുള്ളത്.രണ്ട് എസ്ഐമാർ നാല് വനിതാ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ കർശന പരിശോധനയാണ് സന്ദർശകരെ അകത്തേക്ക് കടത്തി വിടുന്നത്.
തലകറക്കം ഉണ്ടായതിനെ തുടർന്നാണ് രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നും വിദഗ്ദ്ധ ഡോക്ടർമാർ അടങ്ങുന്ന സംഘം പരിശോധിച്ചുവെന്നും വെള്ളിയാഴ്ച ഉച്ചയ്ക്ക് കാവേരി ആശുപത്രിയിൽ നിന്നിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. കുറച്ചു ദിവസത്തിനകം താരത്തിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ അരവിന്ദൻ സെൽവരാജ് പ്രസ്താവനയിൽ അറിയിച്ചു.
ഡൽഹിയിൽ ദേശീയ ചലച്ചിത്ര അവാർഡ് ചടങ്ങിൽ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം സ്വീകരിച്ചശേഷം കഴിഞ്ഞ ദിവസം ചെന്നൈയിൽ തിരിച്ചെത്തിയ രജനീകാന്തിനെ വ്യാഴാഴ്ച രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തിന്റ ആരോഗ്യനില മോശമാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന് കുടുംബാംഗങ്ങൾ അഭ്യർത്ഥിച്ചു.