സുഡാനിൽ ഇടക്കാല സർക്കാർ പിരിച്ചുവിട്ട്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ സൈന്യം

കെയ്‌റോ: സുഡാനിൽ ഇടക്കാല സർക്കാർ പിരിച്ചുവിട്ട്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ സൈന്യം. പ്രധാനമന്ത്രി അബ്ദല്ല ഹാംഡോക്കിനെ അറസ്റ്റ്‌ ചെയ്തു. വ്യവസായമന്ത്രി ഇബ്രാഹിം അൽ ഷെയ്‌ഖ്‌, വിവരമന്ത്രി ഹംസ ബലൗൾ എന്നിവരുൾപ്പെടെ അഞ്ച്‌ പ്രധാന നേതാക്കളും അറസ്റ്റിലായി. സർക്കാരിനെയും പരമോന്നത സമിതിയെയും പിരിച്ചുവിട്ടതായി ദേശീയ ടെലിവിഷനിലൂടെ ജനറൽ അബ്‌ദേൽ ഫത്താ ബുർഹാൻ പ്രഖ്യാപിച്ചു. രാജ്യത്തെ ഇന്റർനെറ്റ്‌ ബന്ധവും വിച്ഛേദിച്ചു.

വിവിധ രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള പോരാണ്‌ സൈന്യത്തെ അധികാരം കൈക്കലാക്കാൻ പ്രേരിപ്പിച്ചതെന്ന്‌ ജനറൽ ബുർഹാൻ പറഞ്ഞു. രാജ്യത്ത്‌ ജനാധിപത്യം പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തലസ്ഥാനമായ ഖാർത്തൂമിലും ഇരട്ട നഗരം ഓംദർമാനിലും ജനങ്ങൾ സൈനിക അട്ടിമറിക്കെതിരെ പ്രതിഷേധിച്ചു. പ്രതിഷേധക്കാർക്കുനേരെ സൈന്യം വെടിവച്ചതിൽ മൂന്ന് പേർ മരിച്ചു. 80 പേർക്ക്‌ പരിക്കേറ്റു. കമ്യൂണിസ്റ്റ്‌ പാർടി ഉൾപ്പെടെയുള്ള പ്രധാന രാഷ്ട്രീയ കക്ഷികൾ പ്രതിഷേധത്തിന്‌ ആഹ്വാനം ചെയ്തിട്ടുണ്ട്.

2019ൽ ഒമർ അൽ ബാഷർ പുറത്താക്കപ്പെട്ടതിനുശേഷം ബുർഹാന്റെ നേതൃത്വത്തിൽ സൈന്യവും ജനപ്രതിനിധികളും ഉൾപ്പെട്ട പരമോന്നത സമിതിയാണ്‌ രാജ്യത്തെ നയിച്ചിരുന്നത്‌. 2023ൽ തെരഞ്ഞെടുപ്പ്‌ നടത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്‌. സെപ്തംബറിൽ ഒരു സംഘം സൈനികർ നടത്തിയ അട്ടിമറി ശ്രമം പരാജയപ്പെട്ടിരുന്നു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →