കോഴിക്കോട്: കേരള സംസ്ഥാന വഖഫ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ വഖഫ് സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ അദാലത്ത് 23ന് മലയാള മനോരമ ഓഫീസിന് സമീപത്തെ സി.എസ്.ഐ ഇംഗ്ലീഷ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടക്കുമെന്ന് ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു. വഖ്ഫ്, ഹജ്ജ് തീര്‍ത്ഥാടനം വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അദാലത്ത് ഉദ്ഘാടനം ചെയ്യും.
ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ജില്ലയിലെ വഖ്ഫ് സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് വഖ്ഫ് സ്ഥാപന ഭാരവാഹികള്‍ക്ക് അദാലത്തില്‍ പങ്കെടുക്കാം. രജിസ്ട്രേഷന്‍ പൂര്‍ത്തിയായ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് അദാലത്തില്‍ വിതരണം ചെയ്യുകയും ന്യൂനതകള്‍ പരിഹരിച്ച് നിലവിലുള്ള അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതുമാണ്. നാളിതുവരെ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്ത സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് അദാലത്തില്‍ അവസരം നല്‍കുന്നതാണ്.

