കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വനിതാ ജൂനിയര്‍ ദേശീയ വോളിബോള്‍ താരത്തെ താലിബാന്‍ തലയറുത്ത് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മെഹ്ജബിൻ ഹക്കിമി എന്ന വോളിബോൾ താരത്തെയാണ് കൊലപ്പെടുത്തിയത്. ഒളിവിലായിരുന്ന ഹക്കിമിയെ താലിബാൻ പിടികൂടി കഴുത്തറുത്ത് കൊന്നെന്നാണ് വിവരം.
ഒക്ടോബര്‍ ആദ്യത്തിലായിരുന്നു കൊലപാതകം. ഹക്കിമിയെ കൊലപ്പെടുത്തിയ വിവരം പരിശീലകയാണ് വെളിപ്പെടുത്തിയത്. സംഭവം പുറത്തുപറയരുതെന്ന് കുടുംബാംഗങ്ങൾക്ക് ഭീഷണിയുണ്ടായിരുന്നു. ഇതേ തുടർന്ന് കുടുംബാംഗങ്ങൾ ആരും വിവരം പുറത്തുപറയാൻ തയ്യാറായില്ല. കുറച്ച് ദിവസം മുമ്പാണ് താരത്തിന്റെ വികൃതമാക്കിയ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്.
താലിബാന്‍ ഭരണം പിടിച്ചെടുത്ത ശേഷം രാജ്യത്തെ വനിതാ കായിക താരങ്ങള്‍ക്ക് നേരെയുള്ള ആക്രമണം തുടരുകയാണ്. രണ്ട് താരങ്ങളൊഴിച്ച് ബാക്കി എല്ലാവരും ഒളിവിലാണെന്നും അവരെ താലിബാന്‍ വേട്ടയാടുകയാണെന്നും പരിശീലകന്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച ഫിഫയും ഖത്തര്‍ സര്‍ക്കാറും നൂറോളം വനിതാ ഫുട്ബാള്‍ താരങ്ങളെ അഫ്ഗാനില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നു.