ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം;
4 മരണം, നിരവധി പേരെ കാണാതായി

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം ദിവസവും തുടരുന്ന മഴയില്‍ ഉത്തരാഖണ്ഡില്‍ വ്യാപക നാശ നഷ്ടം. 4 പേര്‍ മരിച്ചെന്നും 12 പേരെ കാണാതായെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒരുപാട് ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കാന്‍ സാധ്യതയുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

നൈനിറ്റാള്‍ ജില്ലയില്‍ മേഘവിസ്‌ഫോടനം ഉണ്ടായതായും ഇതിനെ തുടര്‍ന്ന് വ്യാപകമായ നഷ്ടങ്ങളുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. നൈനിറ്റാളിലെ രാംഘട്ടിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്.

കനത്ത മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടമാണ് ഉത്തരാഖണ്ഡില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പല റോഡുകളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. താഴ്ന്ന പല പ്രദേശങ്ങളും പൂര്‍ണമായും വെള്ളത്തിനടിയിലാണ്.

മരണപ്പെട്ടവരില്‍ നേപ്പാളില്‍ നിന്നുള്ള തൊഴിലാളികളുമുണ്ടെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുമായി കാര്യങ്ങള്‍ അവലോകനം ചെയ്തു. കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേനയോടൊപ്പം സൈന്യവും രക്ഷാപ്രവര്‍ത്തനത്തിനായി ഉത്തരാഖണ്ഡിലെത്തിയിട്ടുണ്ട്.

ഉത്തരാഖണ്ഡിലെ പ്രസിദ്ധമായ നൈനിറ്റാള്‍ തടാകം കരകവിഞ്ഞൊഴുകുകയും സമീപ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ആളുകളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റാനുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരികയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →