തിരുവനന്തപുരം: ഡാം തുറക്കൽ വിദഗ്ധ സമിതി തീരുമാനിക്കും

തിരുവനന്തപുരം: അതിതീവ്രമഴയുടെ പശ്ചാത്തലത്തിൽ  സംസ്ഥാനത്തെ വിവിധ ഡാമുകൾ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി.   മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താൻ ചേർന്ന  ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്.
ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി തിരുമാനിക്കും. തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകൾ മുമ്പ് ബന്ധപ്പെട്ട ജില്ലാ കലക്ടർമാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നൽകണം.  പെട്ടെന്ന് തുറക്കുമ്പോൾ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ ഒഴിവാക്കാനാണിത്.  
സംസ്ഥാനത്ത് ഇപ്പോൾ  184 ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. ക്യാമ്പുകളിൽ ആവശ്യത്തിന് സജ്ജീകരണങ്ങളുണ്ടാകണം. ഭക്ഷണം, വസ്ത്രം, കിടക്കാനുള്ള സൗകര്യം എന്നിവ ഉറപ്പാക്കണം.   റവന്യൂ വകുപ്പിന് പുറമെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. പ്രാദേശിക കൂട്ടായ്മകളുടെ സഹായവും തേടണമെന്ന്   മുഖ്യമന്ത്രി നിർദ്ദേശിച്ചു.

കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ അടക്കം രക്ഷാ പ്രവർത്തനങ്ങളിൽ  കേന്ദ്ര സംസ്ഥാന ഏജൻസികളും നാട്ടുകാരും യോജിച്ച് നീങ്ങുന്നുണ്ട്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ നിർബന്ധമായും മാറ്റി പാർപ്പിക്കണം. നിശ്ചിത അളവിലധികം വെള്ളത്തിലൂടെ വാഹനങ്ങൾ കടത്തി വിടരുത്. ധനസഹായ വിതരണം ഊർജ്ജിതപ്പെടുത്താൻ ജില്ലാ കലക്ടർമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. കൃഷി നാശം സംബന്ധിച്ച വിശദ വിവരങ്ങൾ ജില്ലകളിൽ നിന്ന് ലഭ്യമാക്കണം. ശബരിമല തുലാമാസ പൂജാ സമയത്തുള്ള  തീർത്ഥാടനം ഇത്തവണ പൂർണമായും ഒഴിവാക്കാൻ  അവലോകന യോഗം  തീരുമാനിച്ചു. നിലയ്ക്കൽ, പെരുന്തേനരുവി മേഖലയിൽ ഞായറാഴ്ച തന്നെ ഇരുപതു സെന്റീമീറ്ററിലധികം മഴ പെയ്തിരുന്നു. കക്കി ഡാമിന്റെ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യവും വന്നിരിക്കുന്നു. നദികളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വനമേഖലയിലെ കനത്ത മഴ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യതയയും വർധിപ്പിക്കുന്നുണ്ട്.  ബുധനാഴ്ച മുതൽ ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ഈ ദിവസങ്ങളിൽ  തീർത്ഥാടനം അനുവദിക്കാൻ കഴിയില്ല എന്ന് യോഗം വിലയിരുത്തി.  നേരത്തെ നിലക്കലിൽ എത്തിയ തീർഥാടകരെ സുരക്ഷിതമായി മടക്കി അയയ്ക്കാൻ ജില്ലാ ഭരണ സംവിധാനത്തിന് നിർദേശം നൽകി.

കോളേജുകൾ തുറക്കുന്നത് ഒക്ടോബർ 25ലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് രണ്ടു ജില്ലകളിലാണ് കൂടുതൽ കെടുതി ഉണ്ടായത്. ബുധനാഴ്ച (ഒക്ടോബർ 20 ) മുതൽ തുടർന്നുള്ള 2-3 ദിവസങ്ങളിൽ  സംസ്ഥാനത്ത്  വ്യാപകമായി മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയും പെയ്യാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുലാവർഷം വന്നതായി ഇതുവരെ കാലാവസ്ഥാ വകുപ്പ് കണക്കാക്കിയിട്ടില്ല. എന്നാൽ തുലാവർഷ കണക്കിൽ കേരളത്തിൽ ലഭിക്കേണ്ട  84 ശതമാനം മഴയും  ഒക്ടോബറിൽ ആദ്യ 17 ദിവസം കൊണ്ട് ലഭിച്ചു. ഒക്ടോബർ മുതൽ ഡിസംബർ വരെ നീണ്ടു നിൽക്കുന്ന സീസൺ ചുഴലിക്കാറ്റ് സീസൺ കൂടിയായതിനാൽ ഇത്തവണ കൂടുതൽ ന്യുന മർദ്ദങ്ങൾ / ചുഴലിക്കാറ്റുകൾ പ്രതീക്ഷിക്കുന്നുണ്ട്. പത്തനംതിട്ടയിലെ കക്കി അണക്കെട്ടിലെ ജലനിരപ്പ്  ഉയരുന്നതിനാൽ അടിയന്തിര സാഹചര്യത്തിൽ തുറക്കേണ്ട ആവശ്യം വരികയാണെങ്കിൽ കുട്ടനാട്ടിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ട്. അതിനാൽ ഒരു എൻ ഡി ആർ എഫ്  ടീമിനെ ആലപ്പുഴ  ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്.
രക്ഷാപ്രവർത്തനങ്ങളും മുൻകരുതലുകളും സൂക്ഷ്മമായി വിലയിരുത്തി അതാത് സമയത്ത് ഇടപെടാനുള്ള സജ്ജീകരണങ്ങൾ ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു.
യോഗത്തിൽ റവന്യൂ, വൈദ്യുതി വകുപ്പ് മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →