ആലപ്പുഴ: ശക്തമായ മഴ തുടരാനും നദികളിലും മറ്റ് ജലാശയങ്ങളിലും ജലനിരപ്പ് ഉയരാനുമുള്ള സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലയില്‍ ദുരന്ത നിവാരണ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കിയതായി ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ അറിയിച്ചു.
സമീപ ജില്ലകളില്‍ പല കേന്ദ്രങ്ങളിലും ജലനിരപ്പ് ഗണ്യമായി ഉയര്‍ന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത വേണ്ടതുണ്ട്. ജില്ലയില്‍ കോവിഡ് പ്രതിരോധം ഉറപ്പാക്കി ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുന്നതിന് സൈക്ലോണ്‍ ഷെല്‍റ്ററുകള്‍ ഉള്‍പ്പെടെ 470 കെട്ടിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യമുണ്ടായാല്‍ കുട്ടനാട് പ്രദേശത്തെ കിടപ്പു രോഗികളെ മാറ്റി പാര്‍പ്പിക്കാനായി ആലപ്പുഴ ടൗണ്‍ ഹാളില്‍ സൗകര്യമൊരുക്കി.
കോവിഡ് ബാധിതരെയും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെയും കിടപ്പുരോഗികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിന് സബ് കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചു. താലൂക്ക് തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ചുമതല ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്കാണ്.
ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങുന്നതിനും ക്യാമ്പുകളിലേക്ക് ആവശ്യമായ സാധന സാമഗ്രികള്‍ ലഭ്യമാക്കുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനായി സജ്ജമാക്കിയിട്ടുള്ള വാഹനങ്ങള്‍ക്ക് ഇന്ധനം ഉറപ്പാക്കുന്നതിനും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഒക്ടോബര്‍ 16 വൈകുന്നേരം ആറു വരെ ജില്ലയില്‍ 11 ദുരിതാശ്വാസ ക്യാമ്പുകളിലായി 36 കുടുംബങ്ങളിലെ 116 പേരാണ് ഉണ്ടായിരുന്നത്. മാവേലിക്കര, ചെങ്ങന്നൂര്‍, ചേര്‍ത്തല താലൂക്കുകളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതുവരെ ജില്ലയില്‍ ഒരു വീട് പൂര്‍ണ്ണമായും എട്ട് വിടുകള്‍ ഭാഗികമായും തകര്‍ന്നു. പ്രകൃതിക്ഷോഭത്തില്‍ രണ്ടു പേര്‍ മരിച്ചു.
ജലത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിന് തണ്ണീര്‍മുക്കം, തോട്ടപ്പള്ളി, അന്ധകാരനഴി പൊഴികളുടെ ഷട്ടറുകളും ജില്ലയിലെ മറ്റു പൊഴികളും തുറന്നിട്ടുണ്ട്. പഞ്ചായത്തുകളുടെ അധീനതയിലുള്ള താല്‍ക്കാലിക ഓരുമുട്ടുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്ത് നീരൊഴുക്ക് വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യമുണ്ടായാല്‍ ആളുകളെ മാറ്റി പാര്‍പ്പിക്കാനായി രണ്ട് സൈക്ലോണ്‍ ഷെല്‍റ്ററുകളാണ് സജ്ജമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ജില്ലയില്‍ എത്തിയ എന്‍.ഡി.ആര്‍.എഫിന്റെ 21 അംഗ സംഘം കുട്ടനാട്ടിലും വെള്ളപ്പൊക്ക സാധ്യതയുള്ള മറ്റു സ്ഥലങ്ങളിലും കടല്‍ക്ഷോഭസാധ്യതാ മേഖലകളിലും സന്ദര്‍ശനം നടത്തി സ്ഥിതി വിലയിരുത്തി.
മണിമലയാറ്റിലും അച്ചന്‍കോവിലാറ്റിലും ജലനിരപ്പ് ഗണ്യമായി ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി ആനൗണ്‍മെന്റ് നടത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാലങ്ങളുടെ അടിയില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടി നീരൊഴുക്ക് തടസ്സപ്പെട്ട സ്ഥലങ്ങളില്‍ അടിയന്തിരമായി മാലിന്യങ്ങള്‍ നീക്കി നീരൊഴുക്ക് സുഗമമമാക്കാന്‍ ജലസേചന വകുപ്പിനെ ചുമതലപ്പെടുത്തി.
എല്ലാ താലൂക്കുകളിലും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീരദേശത്തെയും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെയും വില്ലേജ് ഓഫീസുകളിലും കണ്‍ട്രോള്‍ റൂമുകളുണ്ട്.