മാലി: സാഫ് കപ്പ് ഫുട്ബോളില്‍ കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ എട്ടാം കിരീടം സ്വന്തമാക്കിയത്. നായകന് സുനില്‍ ഛേത്രി, സുരേഷ് സിങ്, മലയാളിതാരം സഹല്‍ അബ്ദുള്‍ സമദ് എന്നിവരാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്. മുന്‍ മത്സരങ്ങളില്‍ നിന്നും രണ്ട് മാറ്റവുമായാണ് ഇന്ത്യ നേപ്പാളിനെതിരെ കളത്തിലിറങ്ങിയത്. സസ്പെൻഷനിലായ സുഭാസിഷ് ബോസിനും പരിക്കേറ്റ ബ്രാൻഡൻ ഫെർണാണ്ടസിനും പകരമായി അനിരുദ്ധ് ഥാപ്പയും ചിംഗ്ലെൻസാന സിങും ആദ്യ ഇലവനില്‍ ഇടം പിടിച്ചു.രണ്ടാം പകുതിയുടെ തുടക്കത്തില്‍ 49ാം മിനുട്ടില്‍ സുനില്‍ ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചു. പ്രീതം കോട്ടാല്‍ ബോക്സിന്റെ വലതുവശത്തുനിന്ന് നല്കിയ ക്രോസില്‍ കൃത്യമായി തലവെച്ചാണ് ഇന്ത്യൻ നായകൻ നേപ്പാള്‍ വല കുലുക്കിയത്.50ാം മിനിട്ടില്‍ സുരേഷ് സിങ്ങിന്റെ ഗോളിലൂടെ ഇന്ത്യ ലീഡുയര്‍ത്തി.85ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയാണ് സഹല്‍ ഇന്ത്യയുടെ ഗോള്‍പ്പട്ടിക തികച്ചത്.