പൂഞ്ച്: പൂഞ്ച് ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ക്ക് വീരമൃത്യു. ജൂനിയർ കമാൻഡ് ഓഫീസറും ജവാനുമാണ് മരിച്ചത്. വ്യാഴാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഇവർക്ക് ഗുരുതര പരിക്കേറ്റിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പൂഞ്ച്-രജൗരി വനമേഖലയില്‍ വച്ചാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ ജമ്മു-പൂഞ്ച്-രജൗരി ഹൈവേ അടച്ചു. ഒക്ടോബര്‍ 10ന് സുരക്ഷാസേനയുമായി ഏറ്റുമുട്ടിയ അതേ ഭീകരരുമായാണ് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നത്. കഴിഞ്ഞ നാല് ദിവസങ്ങളായി ഭീകരരെ പിടികൂടാനുള്ള ശ്രമത്തിലാണ് സുരക്ഷാസേന. എന്നാല്‍ മലനിരകളില്‍ ഒളിഞ്ഞിരുന്നാണ് ഭീകരര്‍ ആക്രമണം അഴിച്ചു വിടുന്നത്.