മുംബൈ: ആഗോള വിപണി തിളങ്ങിയില്ലെങ്കിലും ഉത്സവ സീസണ്‍ ഇന്ത്യന്‍ വിപണിക്ക് തുണയായി. ഉപഭോക്തൃ വില സൂചിക എട്ടുമാസത്തെ താഴ്ന്ന നിലവാരമായ 4.35ശതമാനത്തിലെത്തിയതും വ്യവസായികോത്പാദനത്തില്‍ വര്‍ധനവുണ്ടായതുമാണ് വിപണി നേട്ടമാക്കിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 9.5ശതമാകുമെന്ന ഐഎംഎഫിന്റെ വിലയിരുത്തലും വിപണിക്ക് തുണയായി. യു.എസ്. പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവരാനിരിക്കേ പണപ്പെരുപ്പത്തെ കുറിച്ചുള്ള ആശങ്കകളും കടപ്പത്രങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന നേട്ടവുമെല്ലാം ആഗോള വിപണിയെ ദുര്‍ബലമാക്കിയെങ്കിലും ഇന്ത്യന്‍ വിപണിയില്‍ അത് പ്രതിഫലിച്ചില്ല.റീട്ടെയില്‍ നിക്ഷേപകര്‍ കരുത്തുതെളിയിച്ചതോടെ ഓട്ടോ, ഐടി, മെറ്റല്‍, ഇന്‍ഫ്ര ഓഹരികള്‍ സൂചികകളെ വീണ്ടും റെക്കോഡ് ഉയരത്തിലെത്തിച്ചു.സര്‍വകാല ഉയരത്തിലായിരുന്നു സെന്‍സെക്സും നിഫ്റ്റിയും. സെന്‍സെക്സ് 452.74 പോയിന്റ് ഉയര്‍ന്ന് 60737.05 ലും നിഫ്റ്റി 169.80 പോയിന്റ് ഉയര്‍ന്ന് 18161.80 ലും വ്യാപാരം അവസാനിപ്പിച്ചു.ടാറ്റ മോട്ടോഴ്സ് 20ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. കമ്പനിയുടെ ഓഹരി വില 507 നിലവാരത്തിലെത്തി.
റീട്ടെയില്‍ നിക്ഷേപകരുടെ കരുത്തില്‍ തിളങ്ങി ഉത്സവ സീസണ്‍ വിപണി
