ബംഗ്ലൂരു: കർണാടകയിൽ നൂറ് ശതമാനം കാണികളെ പ്രവേശിപ്പിച്ച് സിനിമാ പ്രദർശനം തുടങ്ങിയതോടെ തിയേറ്ററുകൾക്ക് മുന്നിൽ വലിയ തിരക്ക്. രാവിലെ മുതൽ തിയേറ്ററുകൾക്ക് മുന്നിൽ നീണ്ട ക്യൂവാണ് ദൃശ്യമായത്. കന്നട താരങ്ങളായ സുദീപ്, ധുനിയ വിജയ് എന്നിവരുടെ ചിത്രങ്ങൾ ഇന്ന് റിലീസായിരുന്നു. ടിക്കറ്റ് കിട്ടാതായതോടെ താരങ്ങളുടെ ആരാധകർ അക്രമാസക്തരായി.
തീയറ്ററുകൾ തുറക്കുന്നതിന് മുന്നോടിയായി കേന്ദ്രമന്ത്രാലയം വ്യക്തമായ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. സീറ്റിംഗ് കപ്പാസിറ്റിയുടെ അമ്പത് ശതമാനം മാത്രമാണ് ആളുകൾക്ക് അനുവദിച്ചിട്ടുള്ളത്. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ ഷോ സമയക്രമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. തീയറ്ററിൽ പ്രവേശിക്കാൻ മാസ്‌കും സാനിറ്റൈസറും നിർബന്ധമാണ്. സാമൂഹ്യ അകലം കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.
നടൻ കിച്ച സുദീപിന്റെ കൊടിഗൊപ്പ 3 എന്ന സിനിമ പ്രദർശിപ്പിച്ച വിജയപുരയിലെ ഡ്രീംലാൻഡ് തീയറ്ററിലാണ് വ്യാപക അക്രമമുണ്ടായത്. ടിക്കറ്റ് വിൽപന പൂർത്തിയായ സമയം ഗെയ്റ്റുകൾ അടച്ചതോടെ കിച്ച സുദീപിന്റെ ആരാധകർ പ്രകോപിതരായി. ഗെയ്റ്റ് തകർക്കുകയും തീയറ്ററിന് നേരെ കല്ലെറിയുകയും ചെയ്തു. തീയറ്റർ ഉടമകൾക്ക് നേരെയും ആക്രമണമുണ്ടായി. തുടർന്ന് പൊലീസ് എത്തുകയും ലാത്തി വീശുകയും ചെയ്തു. ഇതോടെയാണ് ആരാധകർ പിരിഞ്ഞുപോയത്.
ഏഴ് മാസങ്ങൾക്ക് ശേഷമാണ് കർണാടക ഉൾപ്പെടെ ആറിടങ്ങളിൽ തീയറ്ററുകൾ തുറന്നത്. ആദ്യ ഡോസ് കൊവിഡ് വാക്സീൻ എടുത്തവരെ മാത്രമേ തിയേറ്ററിലേക്ക് പ്രവേശിപ്പിക്കാൻ പാടുള്ളു എന്നാണ് നിർദ്ദേശമെങ്കിലും പലയിടത്തും ഇത് പാലിക്കപ്പെട്ടില്ല.

