മലപ്പുറം: കളിയ്ക്കുന്നതിനിടെ കടലുണ്ടിപ്പുഴയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. ഒരു കുട്ടിയെ കാണാതായി. മലപ്പുറം താമരക്കുഴി മുള്ളൻ മടയൻ മുഹമ്മദിന്റെ മകൻ മുഹമ്മദ് ആസിഫാണ് (16) മരിച്ചത്. അയൽവാസി താമരക്കുഴി മേച്ചേടത്ത് അബ്ദുൽ മജീദിന്റെ മകൻ റൈഹാനിനെ (15) കാണാതായി. മലപ്പുറം ഉമ്മത്തൂർ ആനക്കടവ് പാലത്തിന് സമീപത്ത് വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പരിസരവാസികളായ നാല് കുട്ടികൾ ചേർന്ന് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ രണ്ട് കുട്ടികൾ വെളളത്തിൽ പോകുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ മലപ്പുറം അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ അപകടമുണ്ടായ സ്ഥലത്തിന് സമീപത്ത് നിന്നാണ് ആറ് മണിയോടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മലപ്പുറം താലുക്കാശുപത്രിയിലേക്ക് മാറ്റി. മരണപ്പെട്ട മുഹമ്മദ് ആസിഫ് മലപ്പുറം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
മാതാവ്: സഫിയ. സഹോദരങ്ങൾ: അൽതാഫ്, ആരിഫ്, അൻസാർ, അയ്യൂബ്. എംഎസ്പി ഹയർസെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് കാണാതായ റൈഹാൻ. മാതാവ്: ഖൈറുന്നീസ. സഹോദരങ്ങൾ: അബ്ദുൽ മുഹ്സിൻ, അബ്ദുൽ ബാസിത്, മിഷാൽ, സന

