ഗുവാഹത്തി: അസമിലെ ധോൽപൂരിൽ ഭൂമി ഒഴിപ്പിക്കൽ നടപടിക്കിടെ രണ്ടു പേർ കൊല്ലപ്പെടുകയും ഇരുപതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകുവാൻ ആസാം ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി.
ചീഫ് ജസ്റ്റിസ് സുധാംശു ധുലിയ ജസ്റ്റിസ് സൗമിത്ര സെയ്കിയ എന്നിവർ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അസമിലെ പ്രതിപക്ഷനേതാവ് ദേവോ ബ്രദ സെയ്കിയ നൽകിയ പൊതുതാൽപര്യ ഹർജിയിൻമേലാണ് ജസ്റ്റിസുമാർ സംസ്ഥാന സർക്കാരിനോട് മറുപടി നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
2021 സെപ്റ്റംബർ ഇരുപത്തിമൂന്നാം തീയതി അസമിലെ ദറാങ് ജില്ലയിലെ ധോൽപൂർ ഗ്രാമത്തിൽ നടന്ന കുടിയൊഴിപ്പിക്കലും അക്രമസംഭവങ്ങളും രണ്ടുപേരുടെ മരണവും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകപ്പെട്ടിരിക്കുന്നത്. ഈ കുടിയൊഴിപ്പിക്കലുകൾ നിയമവിധേയമല്ലെന്നും ഒഴിപ്പിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നും പുനരധിവസിപ്പിക്കണം എന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ധോൽപൂരിൽ മാത്രമല്ല അഞ്ച് ഇടങ്ങളിൽ സർക്കാർ ആളുകളെ കുടിയൊഴിപ്പിക്കാൻ ശ്രമിച്ചുവെന്നും മനുഷ്യാവകാശങ്ങളുടെ ലംഘനം അവിടെ സംഭവിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
1960-ലെ പ്രളയത്തിലും മണ്ണൊലിപ്പിലും ജീവിത ഉപാധികൾ നഷ്ടപ്പെട്ട് കുടിയേറിയവരാണ് സിപാൽ-ജാർ പ്രദേശങ്ങളിലുള്ളവർ. സാമൂഹികവും സാമ്പത്തികവുമായി വളരെ പിന്നോക്കം നിൽക്കുന്നവരാണ് ഒഴിപ്പിക്കപെട്ട ആളുകൾ എന്ന് പരാതിയിൽ പറയുന്നു.
പതിറ്റാണ്ടുകളായി സർക്കാർ ഭൂമിയായിരുന്ന പ്രദേശത്ത് താമസിച്ചിരുന്ന 125 കുടുംബങ്ങളെ ഒഴിപ്പിക്കുവാനായിരുന്നു ഗവൺമെന്റിന്റെ നടപടി. 2021 സെപ്റ്റംബർ ഇരുപത്തിമൂന്നാം തീയതി ഒഴിപ്പിക്കൽ നടപടികളുമായി ചെന്ന ഉദ്യോഗസ്ഥരെയും പോലീസിനെയും കല്ലെറിഞ്ഞും ആക്രമിച്ചും ആളുകൾ പിന്തിരിപ്പിക്കാൻ ശ്രമിച്ചു എന്ന സർക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറൽ ബോധിപ്പിച്ചു.
സംഭവസ്ഥലത്ത് 500 മുതൽ 600 വരെ ആളുകൾ മാത്രമേ ഉണ്ടാകാൻ ഇടയുണ്ടായിരുന്നുള്ളൂ. എന്നാൽ ഇരുപതിനായിരത്തിൽ അധികം ആളുകളെ അവിടെ സംഘടിപ്പിച്ച് നിർത്തി. അവർ പോലീസിനെ ആക്രമിക്കുകയും ചെയ്തു. ഒഴിപ്പിക്കൽ നടപടിയെ പ്രദേശവാസികൾ എതിർക്കുന്നില്ല. എന്നാൽ പുറത്തു നിന്നുള്ളവരാണ് സംഘടിതരായി വന്ന് അതിനെ എതിർത്തത്. പരാതിക്കാരൻ സംസ്ഥാനത്തെ പ്രതിപക്ഷ നേതാവാണ് രാഷ്ട്രീയ താൽപര്യങ്ങളുടെ വേദി ആക്കുവാൻ കോടതിയെ വിനിയോഗിക്കുകയാണ് എന്നും അഡ്വക്കേറ്റ് ജനറൽ കോടതിയെ ബോധിപ്പിച്ചു.
സർക്കാരിൻറെ മറുപടിക്ക് നിർദ്ദേശം നൽകിയ കോടതി കേസ് നവംബർ മൂന്നിലേക്ക് മാറ്റിവെച്ചു

