മാധ്യമവിചാരണ എന്ന പദത്തിന് ഇനി പുതിയ അർത്ഥം

മാധ്യമവിചാരണ സുപരിചിത പദമാണ്. ചിലപ്പോൾ ചിലർക്ക് ഇത് മധുരിക്കും. മറ്റുചിലർക്ക് കയ്ക്കും. ഒരിക്കൽ മധുരിച്ചവർക്ക് മറ്റൊരിക്കൽ കയ്ക്കും. എല്ലാവർക്കും എല്ലായിപ്പോഴും ഇഷ്ടമുള്ളതോ വെറുപ്പുള്ളതോ ആയ കാര്യമല്ല ഈ വിചാരണ.

ലഖിംപൂർ കൊലപാതകങ്ങൾ സംബന്ധിച്ച് വിശകലനങ്ങളും അന്വേഷണങ്ങളും വീഡിയോയും എല്ലാം ബിജെപിക്കോ ചുരുങ്ങിയപക്ഷം കേന്ദ്ര ആഭ്യന്തരസഹമന്ത്രിക്കോ എങ്കിലും മാധ്യമവിചാരണയാണ് എന്നാൽ കോൺഗ്രസിനും രാഹുൽഗാന്ധിക്കും പ്രിയങ്കഗാന്ധിയ്ക്കും  അങ്ങനെയല്ല. മധുരിക്കുന്ന കാര്യമാണ്. 

മാധ്യമവിചാരണ ജനാധിപത്യ പ്രവർത്തനമാണ്

നയതന്ത്ര ചാനലിലൂടെ ഉള്ള സ്വർണ്ണക്കടത്ത്, മുഖ്യമന്ത്രിയുടെ ആഫീസ്, സ്പീക്കറുടെ ദുബയ് യാത്ര ഇതൊക്കെ നിക്ഷിപ്ത താൽപര്യങ്ങളോടെയുള്ള മാധ്യമ വിചാരണയാണ് സിപിഎമ്മിന്. എന്നാൽ കോൺഗ്രസിനും ബിജെപിക്കും മാധ്യമ ധർമ്മമാണ്. മോൺസൻ, ലോക് നാഥ് ബഹ്റ എന്നിവരും മാധ്യമ വിചാരണയെ പറ്റി ആക്ഷേപം പറഞ്ഞേക്കാം. ചുരുക്കത്തിൽ എല്ലാവരും എല്ലായ്പ്പോഴും ഇഷ്ടപ്പെടാത്ത ഒരു വിചാരണയെ ഉള്ളൂ. അത് മാധ്യമവിചാരണയാണ്. ജനാധിപത്യരാജ്യങ്ങളിലേ മാധ്യമ വിചാരണയുള്ളൂ. മറ്റിടങ്ങളിൽ മാധ്യമങ്ങളെയുള്ളൂ, വിചാരണയില്ല.

ഡൽഹി ഹൈക്കോടതി ഒരു കേസ് തീർപ്പാക്കികൊണ്ട് നടത്തിയ വിധിപ്രസ്താവം മാധ്യമ വിചാരണയ്ക്ക് പുതിയൊരു മാനം നൽകിയിരിക്കുകയാണ്. ബോളിവുഡ് താരം  സുശാന്ത് സിംഗ് രാജ്പൂത്തിൻറെ മരണവും തുടർന്നുണ്ടായ കേസും അന്വേഷണവും വലിയ ജനശ്രദ്ധ ഉണ്ടാക്കിയ സംഭവമാണ്. പാർട്ടികളും സർക്കാരുകളും പക്ഷം പിടിക്കുക കൂടി ചെയ്തതോടെ കേസന്വേഷണവും വലിയ പുകിലായി. കങ്കണ എന്ന നടിയുടെ മുംബൈയിലെ വീട് വരെ ഇടിച്ചു പൊളിച്ചു സർക്കാർ പക്ഷവും ശൗര്യം കാട്ടി. ഇതിൻറെ എല്ലാം ചൂരും ചുവയും വാർത്തയിലും പകർന്നു. വാർത്തയെക്കാൾ അഭിപ്രായങ്ങളും വികാരങ്ങളും രംഗം കൊഴുപ്പിച്ചു. അടുത്തകാലത്തെങ്ങും കാണാത്ത മാധ്യമവിചാരണ മാസങ്ങളോളം നീണ്ടതായിരുന്നു. 

ഈ വിചാരണ ബഹളങ്ങളിൽ സ്വസ്ഥത നശിച്ച മുഹമ്മദ് ഖലീൽ എന്നയാൾ ഡൽഹി ഹൈക്കോടതിയിൽ കേസുമായി എത്തി.ആവശ്യം വാർത്താ മാധ്യമങ്ങൾക്ക് മാർഗരേഖ വേണം. കേസ് അന്വേഷണം നടക്കുമ്പോൾ എന്ത് എഴുതാം, പറയാം, കാണിക്കാം എന്നതിന് തീർപ്പു വേണം. ചാനലുകാരെ നിയന്ത്രിക്കുന്ന ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാൻഡേർഡ്സ് അതോറിറ്റിയും പത്രങ്ങളുടെ നിയന്ത്രകരായ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയും പ്രകടിപ്പിച്ച അഭിപ്രായങ്ങളെ ഉദ്ധരിച്ചുകൊണ്ട് ആയിരുന്നു പരാതി.

ദീർഘമായി വാദം കേൾക്കുകയും പരിശോധിക്കുകയും ചെയ്ത ഡൽഹി ചീഫ് ജസ്റ്റീസ് ഡി എൻ പട്ടേൽ, ജസ്റ്റീസ് ജ്യോതി സിംഗ് എന്നിവരുൾപ്പെട്ട ബഞ്ചാണ് വിധി പറഞ്ഞത് (07-10-2021). പരാതിക്കാരൻ ആവശ്യപ്പെട്ട പ്രകാരം മാധ്യമങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ  നൽകുവാൻ കോടതിക്കാവില്ല. അത് നയപരമായ കാര്യമാണ്.  ഈ വാർത്തകൾ പരാതിക്കാരനെ വ്യക്തിപരമായി ബാധിച്ചിട്ടില്ല. അതുകൊണ്ട് വാർത്തകളിലൂടെ സംഭവിക്കാവുന്ന കുറ്റങ്ങളുടെ ഇരയും അല്ല.  മാർഗനിർദേശം നൽകാൻ അനുയോജ്യമായ മറ്റ് സ്ഥാപനങ്ങളെ സമീപിക്കാം. ഇതായിരുന്നു വിധിയുടെ ഉള്ളടക്കം .

എന്തും വാർത്തയാക്കി പ്രസിദ്ധീകരിക്കാനും കാണിക്കാനും നിയമം അനുവദിക്കുന്നില്ല. അത്തരം കാര്യങ്ങളിൽ നിരവധി നിയമങ്ങൾ ഉള്ള രാജ്യമാണ് ഇന്ത്യ. കുറ്റകരമായ വിധത്തിൽ ഒരു വാർത്ത കൊടുത്താൽ അതിൻറെ പേരിൽ കേസെടുത്ത് നടപടി സ്വീകരിക്കുവാൻ കഴിയുന്ന നാല്പതിലേറെ നിയമങ്ങൾ  രാജ്യത്തുണ്ട്. ആ നിയമങ്ങളിലൊന്നിന്റെയും പരിധിയിലുള്ള  കാര്യമായിരുന്നില്ല പരാതിയിലെ ആവശ്യം . 

ഇന്ത്യയുടെ ഭരണഘടന അനുസരിച്ച്  ഒരു പൗരനിൽ നിന്ന് എടുത്തു മാറ്റാൻ കഴിയാത്ത അവകാശമാണ് അഭിപ്രായസ്വാതന്ത്ര്യം. അതിനുമേൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകണമെന്നായിരുന്നു ആവശ്യം. ഭരണഘടന  അനുവദിച്ചു നൽകിയ അഭിപ്രായസ്വാതന്ത്ര്യം എന്ന മൂല്യം സംരക്ഷിച്ചുകൊണ്ട് പാർലമെൻറിന് നിയമം പാസാക്കാം .അതുമല്ലെങ്കിൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ പോലെ ഇത്തരം കാര്യങ്ങളിൽ മാർഗ്ഗനിർദ്ദേശം നൽകുവാനുള്ള സ്ഥാപനങ്ങളെ നിർമിക്കുന്ന നിയമം പാസാക്കാം. അനുയോജ്യമായ മറ്റ് സ്ഥാപനങ്ങളെ സമീപിക്കാൻ കോടതി പറഞ്ഞതിന്റെ അർഥം അതാണ്. ഭരണഘടനാപരമായ ഉത്തരവാദിത്വം പ്രകടിപ്പിച്ചു കൊണ്ടുള്ള വിധിയാണ് ഹൈക്കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.

അഭിപ്രായ സ്വാതന്ത്ര്യം എന്ന അവകാശം വ്യക്തിക്ക് അഥവാ പൗരന് നൽകപ്പെട്ടതാണ്. മാധ്യമങ്ങൾക്ക് പ്രത്യേകം ഒരു അവകാശവും നൽകുന്നുമില്ല. അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിന് നിയന്ത്രണവുമുണ്ട്. നിയന്ത്രണം വിട്ടാൽ കുറ്റകരമാണ്. എന്നാൽ അഭിപ്രായ സ്വാതന്ത്ര്യം എന്ന അവകാശത്തിൽ അധിഷ്ഠിതമായ ജനാധിപത്യ പ്രവർത്തനമാണ് മാധ്യമങ്ങളുടെത്. സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയുകയോ ചായക്കടയിലെ ചർച്ചയിൽ പങ്കെടുക്കുകയോ ചെയ്യുന്ന പൗരൻ വിനിയോഗിക്കുന്ന അതേ അവകാശമാണ് മാധ്യമങ്ങളും വിനിയോഗിക്കുന്നത്.  അതിനെ ദൗത്യമെന്നോ ജീവസന്ധാരണ മാർഗമെന്നോ വ്യവസായമെന്നോ എന്തു വേണമെങ്കിലും വിളിക്കാം. എന്തായിരുന്നാലും അത് ഒരു ഭരണഘടനാ അവകാശവിനിയോഗമാണ്. 

മാധ്യമവിചാരണ എന്ന വാക്കിന് പുതിയ അർത്ഥങ്ങൾ കല്പിക്കുവാൻ ഡൽഹി ഹൈക്കോടതിയുടെ വിധി പ്രേരിപ്പിക്കുന്നു. മാധ്യമവിചാരണ എന്ന പ്രതിഭാസം സത്യത്തിൽ എന്താണ്? നിയന്ത്രിക്കാൻ പാടില്ലാത്ത ജനാധിപത്യ പ്രവർത്തനമാണു മാധ്യമവിചാരണ.മാധ്യമവിചാരണ ഇല്ലെങ്കിൽ ജനാധിപത്യത്തിന് ജീവനില്ല. വളരെ വേഗം ജീർണ്ണിച്ചു നശിച്ചു പോകുന്ന ഒന്നായി ജനാധിപത്യത്തിന്റെ അന്തസത്ത പരിണമിക്കും. മാധ്യമ വിചാരണയ്ക്കെതിരെ പറയുന്നവരും അനുകൂലിക്കുന്നവരും ഈ വസ്തുതകൾ തിരിച്ചറിയണം.

ഒളിച്ചുവയ്ക്കാൻ ഉള്ളവർ അതിനെതിരെ വരും. ചില പ്രയോജനം കിട്ടും എന്ന് വന്നാൽ മറ്റുചിലർ  മാധ്യമ ധർമ്മം എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കയ്യടിക്കും. രണ്ടുകൂട്ടരും അവരവരുടെ താല്പര്യങ്ങളുടെ പേരിൽ തള്ളുകയും കൊള്ളുകയും ചെയ്യുന്നു. അത്രമാത്രം. പക്ഷേ ജനങ്ങൾക്കും ജനാധിപത്യത്തിനും മാധ്യമവിചാരണ ആവശ്യമുണ്ട്.

ഇന്ത്യൻ ജർണലിസ്റ്റ്സ് യൂണിയൻ ദേശീയസെക്രട്ടറിയായ ലേഖകൻ സമദർശിയുടെ ചീഫ് എഡിറ്ററാണ്. ഫോൺ: 8281058888

Share