മരുമകന് ഭാര്യാപിതാവിന്റെ സ്വത്തില്‍ ഒരവകാശവും ഉന്നയിക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: മരുമകന് ഭാര്യാപിതാവിന്റെ സ്വത്തില്‍ ഒരവകാശവും ഉന്നയിക്കാനാവില്ലെന്ന് ഹൈക്കോടതി. ഭാര്യയുടെ പിതാവിന്റെ സ്വത്തില്‍ അവകാശമില്ലെന്ന കീഴ്‌ക്കോടതി വിധിക്കെതിരെ കണ്ണൂര്‍ സ്വദേശി ഡേവിഡ് റാഫേല്‍ നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് എന്‍. അനില്‍കുമാറിന്റെ ഉത്തരവ്.

തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മരുമകന്‍ ഡേവിഡ് റാഫേല്‍ പ്രവേശിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് ഭാര്യാപിതാവ് ഹെന്റി തോമസ് നേരത്തെ പയ്യന്നൂര്‍ സബ് കോടതിയെ സമീപിച്ചിരിന്നു.

ഫാ. ജെയിംസ് നസറേത്ത് തനിക്ക് ഇഷ്ടദാനമായി നല്‍കിയ ഭൂമിയാണെന്നും അതില്‍ വീടു വെച്ചത് തന്റെ സ്വന്തം പണം ഉപയോഗിച്ചാണെന്നും ഹെന്റി കോടതിയില്‍ പറഞ്ഞിരുന്നു.

താന്‍ കുടുംബത്തോടൊപ്പം താമസിച്ചുവരുന്ന വീടാണ് ഇത്. ഇതില്‍ മരുമകന് യാതൊരു അവകാശവും ഇല്ലെന്നും ഹെന്റി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ഹെന്റിയുടെ ഏക മകളെ വിവാഹം കഴിച്ചിരിക്കുന്നത് താന്‍ ആണെന്നും പ്രായോഗികമായി, വിവാഹത്തോടെ താന്‍ ഇവിടെ ദത്തുനില്‍ക്കുകയാണെന്നും അതുകൊണ്ടുതന്നെ വീട്ടില്‍ താമസിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നുമായിരുന്നു ഡേവിഡ് റാഫേല്‍ വാദിച്ചത്.

എന്നാല്‍ ഡേവിഡിന്റെ ഈ വാദം വിചാരണക്കോടതി തള്ളി. ഇതിന് പിന്നാലെയാണ് വിചാരണക്കോടതിയുടെ വാദത്തെ ചോദ്യം ചെയ്ത് ഡേവിഡ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

മരുമകനെ കുടുംബാംഗം എന്ന നിലയില്‍ കണക്കാക്കുന്നതില്‍ പ്രശ്നങ്ങളുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. വിവാഹത്തോടെ വീട്ടില്‍ ദത്തുനില്‍ക്കുകയാണെന്ന മരുമകന്റെ അവകാശവാദം ലജ്ജാകരമാണെന്നും കോടതി നിരീക്ഷിച്ചു. ഭാര്യപിതാവിന്റെ സ്വത്തില്‍ മരുമകന് അവകാശം ഉന്നയിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →