ലക്നൗ: ഉത്തർപ്രദേശിലെ ഖേരിയിൽ കർഷക പ്രതിഷേധത്തിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനം ഇടിച്ചുകയറിയ സംഭവത്തിലും സംഘർഷത്തിലും കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. ഇതില്‍ നാല് പേര്‍ കര്‍ഷകരാണെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞു. കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയയും പങ്കെടുക്കുന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്.
അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് 04/10/21 തിങ്കളാഴ്ച രാജ്യവ്യാപകമായി കളക്ടറേറ്റ് വളയുമെന്ന് കിസാന്‍മോര്‍ച്ച വ്യക്തമക്കി. അപകടം വരുത്തിയ കാറിലുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് ഡോ.ദർശൻ പാൽ ആവശ്യപ്പെട്ടു. സംഭവത്തില്‍ അജയ് മിശ്ര കേന്ദ്ര മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
03/10/21 ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം. അപകടമുണ്ടാക്കിയ വാഹനം ഓടിച്ചത് കേന്ദ്രമന്ത്രിയുടെ മകനായ ആശിഷ് മിശ്രയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും കേന്ദ്രമന്ത്രി അജയ് മിശ്രയും സംബന്ധിക്കുന്ന പരിപാടി ഖേരിയില്‍ സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലേക്ക് വരുന്നതിനായി ഒരുക്കിയ ഹെലിപ്പാഡിന് സമീപത്താണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. ഇതിനിടയില്‍ വന്‍ തോതില്‍ ഉന്തുംതള്ളുമുണ്ടായി.
അതിനിടെ മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ച് കയറുകയായിരുന്നെന്ന് കര്‍ഷകര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ ബി.ജെ.പി നേതാക്കളുടെ വാഹനങ്ങള്‍ കര്‍ഷകര്‍ കത്തിച്ചു.