കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ മസ്ജിദ് ലക്ഷ്യമാക്കി സ്ഫോടനം. ഞായറാഴ്ച ഉണ്ടായ ആക്രമണത്തില്‍ 12 പേരിലധികം പേര്‍ കൊല്ലപ്പെട്ടതായും 32 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ട്. താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദിന്റെ മാതാവിന്റെ മയ്യത്ത് നമസ്‌കാരത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് വിവരം. അതേസമയം സ്ഫോടനത്തിനുപിന്നില്‍ ഐഎസ് ഭീകരരാണെന്ന സൂചനകളുണ്ടെങ്കിലും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിലെ താലിബാന്‍ മുന്നേറ്റത്തിന് പിന്നാലെ താലിബാന്‍ സര്‍ക്കാര്‍ വിരുദ്ധരായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തീവ്രവാദ സംഘടനകളുടെ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് ഖാരി സയീദ് ഖോസ്റ്റി പറഞ്ഞു. മരിച്ചവരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. കൂടുതല്‍ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല.കാബൂളിലെ ഈദ്ഗാഹ് പള്ളിയുടെ പ്രവേശന കവാടത്തിലായിരുന്നു സ്ഫോടനം. പരിക്കേറ്റവരില്‍ നാല് പേരെ കാബൂളിലെ ഇറ്റാലിയന്‍ ഫണ്ടിങ് ലഭിക്കുന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ ട്വീറ്റ് ചെയ്തു. നിലവില്‍ പള്ളിക്ക് ചുറ്റുമുള്ള പ്രദേശം താലിബാന്‍ വളഞ്ഞിരിക്കുകയാണ്. ഇവിടെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.