ആലപ്പുഴ: അന്ധകാരനഴി പൊഴിയിലെ ഷട്ടര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കളക്ടര്‍ ആശ സി. എബ്രഹാമിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു.
ഷട്ടര്‍ തുറക്കുന്നതിനു പുറമെ അന്ധകാരനഴി മേഖലയിലെ ഓരുമുട്ട് നിര്‍മാണം, തോട് കൈയ്യേറ്റം ഒഴിപ്പിക്കല്‍, തോട് ആഴംകൂട്ടല്‍, സ്ലുയിസ് (ചീപ്പ്) പുനര്‍നിര്‍മാണം തുടങ്ങിയുമായി ബന്ധപ്പെട്ട് യോഗത്തില്‍ ഉന്നയിക്കപ്പെട്ട ആവശ്യങ്ങള്‍ പരിശോധിച്ച് ഒരാഴ്ചയ്ക്കകം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
പൊഴി മുറിക്കുമ്പോള്‍ ലഭിക്കുന്ന മണല്‍ എടുക്കാന്‍ അനുവദിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തില്‍ വിശദമായ ചര്‍ച്ച നടത്തി തീരുമാനമെടുക്കും.
തോടു കൈയ്യേറ്റങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ചേര്‍ത്തല എല്‍.ആര്‍. തഹസില്‍ദാരെ ചുമതലപ്പെടുത്തി. അതത് പഞ്ചായത്ത് സെക്രട്ടറിമാര്‍ നടപടികള്‍ക്ക് ആവശ്യമായ പിന്തുണ ലഭ്യമാക്കും.
യോഗത്തില്‍ വിവിധ വകുപ്പ് മേധാവികള്‍, ജനപ്രതിനിധികള്‍, തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥര്‍, പാടശേഖര സമിതികളുടെയും മത്സ്യ കര്‍ഷകരുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

