തിരുവനന്തപുരം: ഓൺലൈൻ വാണിജ്യ ഉത്‌സവം സംഘടിപ്പിച്ചു

തിരുവനന്തപുരം: കാർഷിക ഉത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ വാണിജ്യ ഉത്‌സവം സംഘടിപ്പിച്ചു. ആസാദി കാ അമൃത് മഹോത്‌സവത്തിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. 297 കർഷകർ ഇതിൽ പങ്കെടുത്തു. കർഷക ഉത്പാദക സംഘങ്ങൾ ശക്തിപ്പെടുത്തി കൂടുതൽ കയറ്റുമതി സാധ്യമാക്കുന്നതിനെക്കുറിച്ച് കൃഷിവകുപ്പ് ഡയറക്ടർ ടി. വി. സുഭാഷ് ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു. ഇതിനായി നിലവിലെ 50 സംഘങ്ങൾ ശക്തിപ്പെടുത്തുന്നതിന് പുറമെ മറ്റൊരു 50 സംഘങ്ങൾ കൂടി ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് കർഷകരുടെ വരുമാനത്തിൽ വിപ്‌ളവകരമായ മാറ്റം സൃഷ്ടിക്കും. കർഷകരുടെ വരുമാനവും ഉത്പാദനവും വർധിപ്പിക്കുന്നതും കാർഷിക ഉത്പന്നങ്ങളിൽ നിന്ന് മൂല്യവർധിത വസ്തുക്കൾ നിർമിക്കുന്നതും പരിശോധിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുന്നതിനും കാബിനറ്റ് സബ് കമ്മിറ്റി ഉടൻ രൂപീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. e-NAM, e- Bay തുടങ്ങിയ ഓൺലൈൻ പ്‌ളാറ്റ്‌ഫോമുകളുമായി കർഷക ഉത്പാദക സംഘങ്ങളെ ബന്ധിപ്പിച്ച് ശക്തിപ്പെടുത്തുന്നതും പരിഗണനയിലുണ്ട്.

കേരളത്തിൽ നിന്നുള്ള കയറ്റുമതി പ്രോത്‌സാഹിപ്പിക്കുന്നതിന്റെയും സാധ്യതയുള്ള കാർഷിക ഉത്പന്നങ്ങൾ കണ്ടെത്തുന്നതിന്റെയും ഭാഗമായി എ. പി. ഇ. ഡി. എ കൊച്ചിയിൽ ഒരു റീജ്യണൽ ഓഫീസ് ആരംഭിച്ചിട്ടുണ്ട്. ആവശ്യമായ പിന്തുണ കയറ്റുമതി ചെയ്യുന്നവർക്ക് ഉറപ്പാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഇതോടൊപ്പം കർഷകർ, കയറ്റുമതിക്കാർ, കാർഷിക ഉത്പാദക സംഘങ്ങൾ എന്നിവർക്കായി വിവിധ പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നു.

കൊച്ചി ജോ. ഡി. ജി. എഫ്. ടി കെ. എം. ഹരിലാൽ, വ്യവസായ വാണിജ്യ വകുപ്പ് ജോയിന്റ് ഡയറക്ടർ എസ. അജിത്ത്, കേരള കാർഷിക സർവകലാശാല ഡയറക്ടർ ഓഫ് എക്‌സ്റ്റൻഷൻ ഡോ. ജയശ്രീ കൃഷ്ണൻകുട്ടി, ഹോർട്ടികൾച്ചർ അഡീഷണൽ ഡയറക്ടറും വി. എഫ്. പി. സി. കെ സി. ഇ. ഒയുമായ ശിവരാമകൃഷ്ണൻ, എസ്. എഫ്. എ. സി കേരള പ്രോജക്ട് ലീഡർ സലിൻ തപസി, നബാർഡ് ഡെപ്യൂട്ടി ജനറൽ മാനേജർ സുബ്രഹ്മണ്യൻ, എ. പി. ഇ. ഡി. എ റീജ്യണൽ ഇൻചാർജ് സിമി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →