പത്തനംതിട്ട: കണമൂട്ടില്‍പടിയില്‍ തോലുംകര-ശാലോപള്ളി പാലം നിര്‍മാണോദ്ഘാടനം നടത്തി

ആറന്മുള മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കും: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: ആറന്മുള നിയോജക മണ്ഡലത്തിലെ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന കുടിവെള്ള പ്രശ്നം പൂര്‍ണമായും പരിഹരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോയിപ്രം പഞ്ചായത്തിലെ കണമൂട്ടില്‍പടിയില്‍ ചാലുംകര (തോലുംകര) – ശാലോം പള്ളി പി.ഐ.പി കനാലിനു കുറുകെയുള്ള പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

ഈ പാലം നിര്‍മിക്കുക എന്നത് ഇവിടുത്തെ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു. കോയിപ്രം പഞ്ചായത്തിലെ 14, 16 വാര്‍ഡുകളില്‍ കൂടിയാണ് കനാല്‍ കടന്നുപോകുന്നത്. കനാലിന്റെ ഇടതു കരയിലെ കടപ്ര നിവാസികളുടെ പ്രധാന ആരാധനാ കേന്ദ്രമായ ശാലേം പള്ളിയിലേക്ക് എത്തുന്നതിനും പ്രധാന വാണിജ്യ കേന്ദ്രമായ കുമ്പനാടിലേക്ക് എത്തുന്നതിനും ഈ ഭാഗത്തു വീതി കുറഞ്ഞ നടപ്പാലങ്ങള്‍ മാത്രമേയുള്ളൂ. അല്ലാത്തപക്ഷം ചുറ്റിക്കറങ്ങി മാത്രമേ ആളുകള്‍ക്ക് നിശ്ചിത പ്രദേശങ്ങളില്‍ എത്താന്‍ കഴിയുമായിരുന്നുള്ളൂ. ഈ പാലം 12.50 മീറ്റര്‍ നീളത്തിലും 4.60 മീറ്റര്‍ വീതിയിലും ബീം നിര്‍മിതിയിലാണ് നിര്‍മിക്കുന്നത്. പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. 

ആറന്മുള നിയോജക മണ്ഡലത്തിലെ എം.എല്‍.എ കൂടിയായ മന്ത്രി വീണാ ജോര്‍ജിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിര്‍മ്മിക്കുന്നത്. 

ജലവിഭവ വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന കോയിപ്രം പഞ്ചായത്തിലെ ചാലുംകര (തോലുംകര) – ശാലോം പള്ളി പ്രദേശങ്ങളെ ബന്ധിപ്പിച്ച് ജനങ്ങളുടെ ഗതാഗത സൗകര്യം വര്‍ധിപ്പിക്കുന്ന ഈ പാലം നാടിന്റെ സമഗ്ര വികസനത്തിന് കാരണമാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ മേഖല വെല്ലുവിളിയിലൂടെയാണ് കടന്നുപോകുന്നത്. കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിലൂടെയാണ് രോഗവ്യാപനം വര്‍ധിച്ചത്. ഈ സാഹചര്യത്തിലാണ് ജീവിതശൈലീ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ കടന്നു വന്നത്. ഇവയെ അതിജീവിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനം നടത്തുകയുണ്ടായി. രോഗത്തെ ചെറുക്കുന്നതിനായി വാക്സിനേഷന്‍ ഊര്‍ജിതമാക്കി. വാക്സിന്‍ എടുത്തിട്ടില്ലാത്ത ആളുകളില്‍ രോഗം വര്‍ധിക്കുന്നത് കണ്ടെത്തി. മറ്റു രോഗങ്ങള്‍ ഉള്ളവരോ വാക്സിന്‍ സ്വീകരിക്കാത്തവരോ ആണ് മരണത്തിന് കീഴടങ്ങുന്നതെന്ന് പഠനങ്ങള്‍ മനസിലാക്കിത്തന്നു. നിപ്പയെ നാം ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിച്ചു. ജീവിതശൈലീ രോഗങ്ങളെ കുറച്ചുകൊണ്ട് പ്രതിരോധശേഷി വര്‍ധിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ ഇനിയുള്ള അഞ്ചു വര്‍ഷത്തെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രികള്‍ ഉണ്ടാകണം. ജില്ലയില്‍ ആരോഗ്യമേഖലയില്‍ പുതിയ സ്ഥാപനങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞു. ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണം കുറഞ്ഞു. കോവിഡ് സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളെ കൂടി സൗജന്യ ചികിത്സയിലേക്ക് കൊണ്ടുവന്നു. സൗജന്യ ചികിത്സ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുന്ന സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചു. അങ്ങനെ നിരവധി നേട്ടങ്ങളാണ് നമ്മെ തേടിയെത്തിയത്. കോയിപ്രം പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് സി.ജി ആശ, കോയിപ്രം ബ്ലോക്ക് ഡിവിഷന്‍ അംഗം അനീഷ് കുന്നപ്പുഴ, പഞ്ചായത്ത് അംഗങ്ങളായ ബിജു വര്‍ക്കി, പി.സുജാത, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി അനീഷ് വരിക്കണ്ണാമല, ചെങ്ങന്നൂര്‍ പി.ഐ.പി ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡി. രാജന്‍, കോഴഞ്ചേരി ഡിവിഷന്‍ അസിസ്റ്റന്റ്  എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എച്ച്. ജസീല, എ.ഇ ബിനു തുടങ്ങിയവര്‍ പങ്കെടുത്തു.  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →