റെക്കോര്‍ഡ് ക്ലോസിങ് നിലവാരത്തില്‍ വിപണി

മുംബൈ: ഇന്നലെ അനുകൂലമായ ആഗോള സാഹചര്യങ്ങളെ സൂചികകള്‍ നേട്ടമാക്കിയതോടെ റെക്കോര്‍ഡ് ക്ലോസിങ് നിലവാരത്തില്‍ വിപണി വ്യാപാരം അവസാനിപ്പിച്ചു. ആഗോള വിപണിയില്‍ നിന്നുള്ള ശുഭസൂചനകളും ആഭ്യന്തരമായ അനുകൂല സാഹചര്യങ്ങളുമാണ് വിപണിയെ പുതിയ ഉയരത്തിലെത്തിച്ചത്. സെന്‍സെക്സ് 958.03 പോയിന്റ് നേട്ടത്തില്‍ 59,885.36ലും നിഫ്റ്റി 276.30 പോയിന്റ് ഉയര്‍ന്ന് 17,823ലും തൊട്ടു. റിയാല്‍റ്റി ഓഹരികളും വന്‍കുതിപ്പായിരുന്നു നടത്തിയത്. 1866 ഓഹരികള്‍ വിപണിയില്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1305 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 148 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.കേരള ആയുര്‍വേദ, ഇന്‍ഡിട്രേഡ് എന്നിവയുടെ ഓഹരി വില മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ ഈസ്റ്റേണ്‍ ട്രെഡ്സ്, പാറ്റ്സ്പിന്‍ ഇന്ത്യ, കിങ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ്, മുത്തൂറ്റ് ഫിനാന്‍സ്, കല്യാണ്‍ ജൂവലേഴ്സ് തുടങ്ങിയ കമ്പനികളുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.

ബജാജ് ഫിന്‍സര്‍വ്, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്സ്, എല്‍ ആന്‍ഡ് ടി, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്.ഡി.എഫ്.സി. ലൈഫ്, ഡോ. റെഡ്ഡീസ് ലാബ്, നെസ് ലെ, ഐ.ടി.സി. തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

ബി.എസ്.ഇ. മിഡ്കാപ്, സ്മോള്‍ കാപ് സൂചികകള്‍ ഒരു ശതമാനം വീതം നേട്ടം രേഖപ്പെടുത്തി. റിയല്‍റ്റി സൂചികയില്‍ 9 ശതമാനത്തോളം ഉയര്‍ച്ചയുമുണ്ടായി. അതേസമയം സെക്ടറല്‍ സൂചികകളില്‍ എഫ്.എം.സി.ജി. നിരാശപ്പെടുത്തി. ഐടി, മെറ്റല്‍, ബാങ്ക്, കാപിറ്റല്‍ ഗുഡ്സ്, ഓയ്ല്‍ ആന്‍ഡ് ഗ്യാസ് സൂചികകളെല്ലാം ഒരു ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.

കേരളത്തിലെ 17 കമ്പനികള്‍ക്ക് ഇന്നലെ നേട്ടമുണ്ടാക്കാനായി. രണ്ടു ശതമാനം നേട്ടവുമായി റബ്ഫില ഇന്റര്‍നാഷണലാണ് കേരള കമ്പനികളില്‍ നേട്ടത്തില്‍ മുന്നില്‍. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റീട്ടൈല്‍ (1.86 ശതമാനം), അപ്പോളോ ടയേഴ്സ് (1.81 ശതമാനം), മണപ്പുറം ഫിനാന്‍സ് (1.61 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (1.33 ശതമാനം), ധനലക്ഷ്മി ബാങ്ക് (1.23 ശതമാനം) തുടങ്ങിയവയും കേരളത്തില്‍നിന്നു നേട്ടമുണ്ടാക്കിയ കമ്പനികളില്‍പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →