ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരേ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരിന്ദര്‍ സിങ് നടത്തിയ പരാമര്‍ശങ്ങള്‍ അദ്ദേഹം പിന്‍വലിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് കോണ്‍ഗ്രസ്. പ്രായമായവര്‍ കോപംകൊണ്ട് പലതും പറയാറുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. അതേസമയം, അമരിന്ദര്‍ കോണ്‍ഗ്രസ് വിടുമെന്ന പ്രചാരണത്തോടു പ്രതികരിക്കാന്‍ പാര്‍ട്ടി തയാറായില്ല. ആരെങ്കിലും പാര്‍ട്ടി വിടാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അതേക്കുറിച്ചു പ്രതികരിക്കാനില്ലെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ഷ്റിനാതെ പറഞ്ഞു.
രാഹുലും പ്രിയങ്കയും ”അനുഭവപരിചയം ഇല്ലാത്തവരും വഴിതെറ്റിക്കപ്പെട്ടവരു”മാണെന്ന് അമരിന്ദര്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നവജ്യോത് സിങ് സിദ്ദുവിനെതിരേ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും സിദ്ദുവിനെ മുഖ്യമന്ത്രിയാകാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അമരീന്ദര്‍ സിങ് ഞങ്ങളുടെ മുതിര്‍ന്ന നേതാവാണ്. പ്രായമായവര്‍ ദേഷ്യംവന്ന് പലതും പറയാറുണ്ട്. ഞങ്ങള്‍ അദ്ദേഹത്തിന്റെ പ്രായത്തെയും കോപത്തെയും അനുഭവത്തെയും മാനിക്കുന്നു. തന്റെ വാക്കുകള്‍ അദ്ദേഹം പുനപ്പരിശോധിക്കുമെന്നാണു കരുതുന്നത്. – സുപ്രിയ ഷ്റിനാതെ പറഞ്ഞു.