കാസർകോട്: താത്കാലിക ഷെഡുകളിലും, കുടുസു മുറികളിലും നിന്നു തിരിയാന്‍ ഇടമില്ലാതെയുള്ള ദുരിതജീവിതത്തോട് വിട പറഞ്ഞ് ഈസ്റ്റ് എളേരി വായിക്കാനം കോളനിയിലെ 20 കുടുംബങ്ങള്‍. വീടില്ലാത്ത 11 കുടുംബങ്ങള്‍ക്കും നിര്‍മ്മാണം പാതിവഴിയില്‍ നിലച്ച ഒമ്പത് കുടുംബങ്ങള്‍ക്കുമാണ് സര്‍ക്കാര്‍ പദ്ധതിയില്‍ തണലൊരുങ്ങിയത്. മലയോര മേഖലയില്‍ ഏറ്റവും ഉയര്‍ന്ന പ്രദേശത്തുള്ള വായിക്കാനം കോളിനിയിലേക്ക് നിര്‍മാണ സാമഗ്രികള്‍ എത്തിക്കലുള്‍പ്പെടെ ശ്രമകരമായിരുന്നു. ഇതിനെയെല്ലാം തരണം ചെയ്ത് രണ്ട് കിടപ്പുമുറി, അടുക്കള, ഹാള്‍, വരാന്ത, ശുചിമുറി സൗകര്യങ്ങളോടെയുള്ള വീടുകളുടെ താക്കോല്‍ എം.രാജഗോപാലന്‍ എം.എല്‍.എയില്‍ നിന്നും ഏറ്റു വാങ്ങിയപ്പോള്‍ കോളനിവാസികളുടെ ദീര്‍ഘകാലത്തെ സ്വപ്‌നമാണ് സാക്ഷാത്കരിക്കപ്പെട്ടത്.
2018 ജൂലായ് ആഗസ്ത് മാസങ്ങളില്‍ നിര്‍മാണം തുടങ്ങിയെങ്കിലും കോവിഡ് കാല പ്രതിസന്ധികളാണ് പൂര്‍ത്തീകരണം വൈകിപ്പിച്ചത്. ജില്ലാ നിര്‍മിതി കേന്ദ്രത്തിനായിരുന്നു വീടുകളുടെ നിര്‍മാണ ചുമതല. എം.രാജഗോപാലന്‍ എം.എല്‍.എ പട്ടിക വര്‍ഗ വികസന വകുപ്പില്‍ നിന്നും ഡോ.അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതിയില്‍ നിന്നും അനുവദിപ്പിച്ച ഒരു കോടി രൂപ ചിലവഴിച്ചാണ് വീടുകള്‍ നിര്‍മിച്ചത്. പുതിയ വീടിന് ആറ് ലക്ഷം നിരക്കിലും പുതുക്കിപ്പണിയുന്ന വീടിന് ഒന്നര ലക്ഷം രൂപ വീതവുമാണ് ചിലവഴിച്ചത്.
താക്കോല്‍ കൈമാറ്റ ചടങ്ങില്‍ ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തമ്മാക്കല്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്‍ കെ.കെ.മോഹനന്‍, എം.ശശി, ജെസി ടോം, പ്രകാശ് ടി.ജോസഫ്, സുശീല കൃഷ്ണന്‍, പി.ഷാജി, കെ.കെ.അനീഷ് എന്നിവര്‍ സംസാരിച്ചു. എ.ബാബു സ്വാഗതവും, വി.കെ.തങ്കമണി നന്ദിയും പറഞ്ഞു.