എറണാകുളം: അതിഥി തൊഴിലാളികൾക്ക് വാക്സിൻ നൽകുന്നതിനായി ക്ലിനിക്ക് ഓൺ വീൽസ് – അതിഥി തൊഴിലാളികൾക്കുള്ള ആദ്യ വാക്സിനേഷൻ ക്യാമ്പ് പച്ചാളം പി. ജെ. ആന്റണി ഹാളിൽ ജില്ലാ കളക്ടർ ജാഫർ മാലിക് ഉദ്ഘാടനം ചെയ്തു.
അതിഥി തൊഴിലാളികളുടെ വാക്സിനേഷൻ അതിവേഗം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെയും തൊഴിൽ വകുപ്പിന്റെയും
നേതൃത്വത്തിൽ ബിപിസിഎല്ലിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് എറണാകുളം കരയോഗത്തിന്റെയും എറണാകുളം ലക്ഷ്മി ഹോസ്പിറ്റലിന്റെയും സഹകരണത്തോടെയാണ് ക്ലിനിക്ക് ഓൺ വീൽസ് പദ്ധതി നടപ്പിലാക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും.
ജില്ലാ ലേബർ ഓഫീസർ പി.എം ഫിറോസ്, എറണാകുളം കരയോഗം പ്രസിഡന്റ് എ. മുരളീധരൻ, ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ, കൗൺസിലർ മിനി വിവേര, എറണാകുളം ലക്ഷ്മി ഹോസ്പിറ്റൽ മാനേജർമാരായ വിനോദ് കെ.എൻ, ശ്രീജിത്ത് കെ, മെഡിക്കൽ ഓഫീസർ ഡോ. ലക്ഷ്മി. കെ. വാരിയർ, നഴ്സിംഗ് മാനേജർ അമ്പിളി യു. ജി, അസിസ്റ്റന്റ് ലേബർ ഓഫീസർ അഭി സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു.
ജില്ലയിൽ 48000 ലധികം അതിഥി തൊഴിലാളികൾക്ക് ഗസ്റ്റ് വാക്സ് പദ്ധതി പ്രകാരം ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയായി. സെപ്റ്റംബർ 30 നകം മുഴുവൻ അതിഥി തൊഴിലാളികൾക്കും ആദ്യ ഡോസ് വാക്സിൻ നൽകാനാണ് ജില്ലാ ഭരണകൂടവും തൊഴിൽ വകുപ്പും ആരോഗ്യ വകുപ്പും ലക്ഷ്യമിടുന്നത്.