മതസൗഹാർദ്ദവും, സമുദായങ്ങൾ തമ്മിലുള്ള ബന്ധവും നഷ്ടപ്പെടാൻ പാടില്ലെന്ന് കർദ്ദിനാൾ ക്ലിമീസ് ബാവ

തിരുവനന്തപുരം: മതസൗഹാർദ്ദവും, സമുദായങ്ങൾ തമ്മിലുള്ള ബന്ധവും നഷ്ടപ്പെടാൻ പാടില്ലെന്ന് കർദ്ദിനാൾ ക്ലിമീസ് ബാവ. തിങ്കളാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് ചേർന്ന സാമുദായിക നേതാക്കളുടെ സമാധാന യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ മതസൗഹാർദ്ദം നിലനിൽക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുവെന്നും യോഗത്തിൽ പങ്കെടുത്തവർക്കെല്ലാം നന്ദി പറഞ്ഞുകൊണ്ട് ക്ലീമിസ് ബാവ വ്യക്തമാക്കി.

കേരളത്തിന്റെ പല കോണുകളിൽ നിന്നുമുയർന്ന ആവശ്യമാണ് മതസൗഹാർദ്ദവും, സമുദായങ്ങൾ തമ്മിലുള്ള ബന്ധവും നഷ്ടപ്പെടാൻ പാടില്ല എന്നത്. ഇതിനായി വിവിധ സമുദായങ്ങൾ തമ്മിൽ ഒന്നിച്ച് ചേരുന്ന പ്രാദേശിക ഫോറങ്ങൾ വേണമെന്ന് ചർച്ച ചെയ്തു. മത ആത്മീയ മേഖലയിലുള്ളവർ ശ്രദ്ധ പുലർത്തണമെന്നും മറ്റു സമുദായങ്ങളിലുള്ളവർക്ക് മുറിവേൽക്കാതിരിക്കാൻ ശ്രദ്ധ വേണമെന്നും ക്ലിമീസ് ബാവ ഓർമിപ്പിച്ചു.

എല്ലാ സംഘടനകളെയും വിളിച്ചു ചേർത്തുള്ള ചർച്ചയായിരുന്നില്ലെന്നും സമാധാനപരമായ അന്തരീക്ഷം സ്ഥാപിക്കുന്നതിനായിരുന്നു ചർച്ചയെന്നും ക്ലിമീസ് ബാവ പറഞ്ഞു. പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയുടെ സാഹചര്യത്തിലാണ് ചർച്ച എന്നുള്ളത് സത്യമാണ്, പക്ഷേ പാലാ ബിഷപ്പിന്റെ പ്രസ്താവന ചർച്ചയായിരുന്നില്ല. സമാധാനം ഉറപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. വിവാദ പ്രസ്താവനയ്ക്ക് അപ്പുറമുള്ള കാര്യങ്ങളാണ് ചർച്ച ചെയ്തത്. ചങ്ങനാശേരി ആർച്ച് ബിഷപ്പ് വരുമെന്നാണ് അറിയിച്ചത്. എന്ത് കൊണ്ട് വന്നില്ല എന്നറിയില്ലെന്നും ക്ലീമിസ് ബാവ പറഞ്ഞു.

പ്രാദേശിക തലത്തിലുളളതും, സമൂഹ മാധ്യമങ്ങളിലെയും ചേരി തിരിവ് അവസാനിപ്പിക്കണമെന്ന് മുനവ്വറലി ശിഹാബ് തങ്ങളും യോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സമവായത്തിലൂടെയുള്ള പ്രശ്ന പരിഹാരമാണ് ലക്ഷ്യമെന്നും മത മൗലിക വാദികൾക്കെതിരെ ഒറ്റക്കെട്ടായി പോരാടുമെന്നും മുനവ്വറലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →