പാലക്കാട്: ഡി.റ്റി.പി.സിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ ആദ്യമായി കയാക്കിങ്ങ്

പാലക്കാട്: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ
തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിനോട് ചേർന്ന് ഭാരതപ്പുഴയിൽ നടത്തുന്ന കയാക്കിങ് ഫെസ്റ്റ് സെപ്തംബർ 20ന് നിയമസഭാ സ്പീക്കർ എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങൾക്ക്  സെപ്തംബർ 21 ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ കയാക്കിങ് ചെയ്യാം. സെപ്തംബർ 20 ന് വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ  ടിക്കറ്റ് ലഭ്യമാകും. ഒരാൾക്ക് 100 രൂപയാണ് ടിക്കറ്റ് നിരക്ക്. ജില്ലയിൽ ആദ്യമായാണ് കയാക്കിങ്ങിന് അവസരമൊരുങ്ങുന്നത്.

ഒരാൾക്കോ രണ്ട് പേർക്കോ ഇരിക്കാവുന്ന ചെറിയ ഫൈബർ ബോട്ടിൽ പുഴയിലൂടെ സഞ്ചരിക്കുന്നതാണ് കയാക്കിങ്. പുഴ മലിനമാക്കാതെ സുരക്ഷ ഉറപ്പാക്കി   ആസ്വദിക്കാനാകുമെന്നതാണ് ടൂറിസം മേഖലയിൽ കയാക്കിങ്ങിന് പ്രാധാന്യമേറ്റുന്നത്. കയാക്കിങ്ങിന്  അനുയോജ്യമായ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ പുഴയായ ഭാരതപുഴയുടെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തി സഞ്ചാരികളെ ആകർഷിക്കുകയാണ് ഫെസ്റ്റിന്റെ ലക്ഷ്യം.

ഭാരതപ്പുഴയുടെ  കയാക്കിങ് അനുഭവം ലോക ഭൂപടത്തിൽ എത്തിക്കുന്നതോടൊപ്പം ഭാരതപുഴയുടെ ശുചീകരണത്തിന് തുടക്കം കുറിക്കുക കൂടിയാണ്  ഫെസ്റ്റിലൂടെ  ലക്ഷ്യമാക്കുന്നത്. ഭാരതപ്പുഴയിലെ മാലിന്യങ്ങൾ  ശേഖരിച്ച്  പഞ്ചായത്ത് വഴി സംസ്ക്കരിക്കാനാണ് ഉദ്ദേശിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന കയാക്കിങ് ഫെസ്റ്റ് വിജയകരമായാൽ തൃത്താലയെ കായാക്കിങ്ങിന്റെ സ്ഥിര വേദിയാക്കി മാറ്റുമെന്ന് ഡി.ടി.പി.സി. സെക്രട്ടറി കെ.ജി. അജേഷ് പറഞ്ഞു

ഒരാൾക്ക് ഇരിക്കാവുന്ന അഞ്ച് ബോട്ടുകളും രണ്ട് പേർക്ക് ഇരിക്കാവുന്ന അഞ്ച് ബോട്ടുകളുമാണ് കായാക്കിങിനായി ഒരുക്കിയിട്ടുള്ളത്. ഇത്തരത്തിൽ ഒരേ സമയം 15 പേർക്ക് കയാക്കിങ് നടത്താം. ഫയർ ഫോഴ്സിന്റെ സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.  

പ്രകൃതി സൗഹാർദ്ദവും വിദേശ രാജ്യങ്ങളിലെ  പ്രധാന ടൂറിസം ആകർഷണവുമായ കയാക്കിങ് സംസ്ഥാനത്ത് കോട്ടയം, എറണാകുളം തുടങ്ങിയ ജില്ലകളിൽ നടന്നു വരുന്നുണ്ട്. തൃത്താല  വെള്ളിയാങ്കല്ല് പൈതൃക പാർക്കിന് സമീപത്ത് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

Share
അഭിപ്രായം എഴുതാം