കോഴിക്കോട്: പാലാ ബിഷപ്പ് നടത്തിയ പരാമര്‍ശങ്ങളെ മുഖ്യമന്ത്രിയും സിപിഎമ്മും പിൻതുണച്ചതായി സഭയുടെ മുഖപത്രമായ ദീപിക.
മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അറിഞ്ഞു കൊണ്ടു മൂടി വയ്ക്കാന്‍ ശ്രമിച്ച കാര്യങ്ങളാണ് പാലാ ബിഷപ്പ് പറഞ്ഞതെന്ന് ദീപിക പത്രം 18/09/21 ശനിയാഴ്ച പ്രസിദ്ധപ്പെടുത്തിയ ലേഖനം പറയുന്നു. സിപിഎം സര്‍ക്കുലറില്‍ പറഞ്ഞതും ബിഷപ്പ് പറഞ്ഞതും ഒരേ കാര്യങ്ങളാണെന്നും ലേഖനത്തിലുണ്ട്.
‘ബിഷപ്പ് പറഞ്ഞതിന് മതത്തിന്റെ പരിവേഷം നല്കാന് ചിലര്‍ ശ്രമിച്ചു. സിപിഎം ഇപ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഈ വിഷയങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണം എന്നും അസോസിയേറ്റ് എഡിറ്റര്‍ സി കെ കുര്യാച്ചന് എഴുതിയ ലേഖനത്തില്‍ പറയുന്നു. അതേസമയം എതിര്‍ത്ത് പ്രസ്താവന ഇറക്കിയ വി ഡി സതീശനെ ലേഖനത്തില്‍ വിമര്‍ശിക്കുന്നുമുണ്ട്.
‘ബിജെപിക്ക് കാര്യങ്ങള്‍ ബോധ്യമുണ്ടെങ്കില്‍ നടപടി എടുക്കുകയാണ് വേണ്ടത്. ബിഷപ്പിനെ മറയാക്കി മുതലെടുപ്പിന് ശ്രമിക്കരുത്. താലിബാന് വര്‍ഗ്ഗീയതയെ താലോലിക്കുന്നവരുടെ നാവും തൂലികയുമാവാന്‍ സമൂഹം നിന്നു കൊടുക്കരുതെന്നും’ ദീപിക അസോസിയേറ്റ് എഡിറ്റര്‍ ലേഖനത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്.

