ഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് രാജിവെച്ചേക്കുമെന്ന് റിപ്പോർട്ട്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി അമരീന്ദർ കൂടിക്കാഴ്ച നടത്തിയിരുന്നു. ‘ഇത്രയും അപമാനങ്ങൾ സഹിച്ച് പാർട്ടിയിൽ തുടരാനാവില്ല’ എന്ന് സോണിയയെ അമരീന്ദർ അറിയിച്ചതായാണ് വിവരം.
അതേസമയം, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ മാറിനിൽക്കാൻ അമരീന്ദറിനോട് ഹൈക്കമാൻഡ് നിർദ്ദേശിച്ചതായാണ് സൂചന.
അമരീന്ദറിന്റെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് 40 എംഎൽഎമാർ ഹൈക്കമാൻഡിന് കത്ത് നൽകിയിരുന്നു. 18/09/21 ശനിയാഴ്ച വൈകുന്നേരം എം.എൽ.എ.മാരുടെ യോഗം വിളിച്ചിട്ടുണ്ട്. നിർണായക നിയമസഭ കക്ഷി യോഗത്തിൽ അമരീന്ദറിന്റെ രാജിയുമായി ബന്ധപെട്ട തീരുമാനമുണ്ടാകുമെന്നാണ് സൂചന.
‘ഇത്തരത്തിലുള്ള അപമാനം സഹിച്ച് മതിയായി, മൂന്നാം തവണയാണ് ഇത് സംഭവിക്കുന്നത്. ഇത്തരം അപമാനങ്ങൾ സഹിച്ച് ഇനിയും പാർട്ടിയിൽ തുടരാനാകില്ല ‘-അമരീന്ദർ സോണിയയെ അറിയിച്ചതായി അടുത്ത വൃത്തങ്ങൾ പറയുന്നു.
നിരവധി എംഎൽഎമാർ അമരീന്ദറിന്റെ മാറ്റം ആവശ്യപ്പെട്ട് നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. കൂടാതെ നവ് ജ്യോത് സിംഗ് സിദ്ദുവും അമരീന്ദറിനെതിരെ പടയൊരുക്കം നടത്തുകയായിരുന്നു.