പതിനെട്ടുകാരന്റെ ആത്മഹത്യ. ജില്ലാ പോലീസ് മേധാവി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്:- പയ്യോളി അങ്ങാടി സ്വദേശിയായ പതിനെട്ടുകാരന്‍ ആത്മഹത്യചെയ്ത സംഭവത്തിൽ കാരണക്കാരായവർക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ആവശ്യം വിശദമായി പരിശോധിച്ച് കോഴിക്കോട് ജില്ലാ (റൂറൽ)പോലീസ് മേധാവി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സി കെ സുനിലിന്റെ മകൻ സനലിന്റെ (18) ആത്മഹത്യയുമായി ബന്ധപ്പെട്ട പരാതിയിലാണ് അന്വേഷണം നടത്താൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്.

16 വയസ്സുള്ള ഒരു പെൺകുട്ടിയുമായി സനൽ സൗഹൃദത്തിലായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. എന്നാൽ സൗഹൃദത്തെ പെൺകുട്ടിയുടെ വീട്ടുകാർ പ്രണയമായി തെറ്റിദ്ധരിച്ചു. പെൺകുട്ടിയുടെ വീട്ടുകാർ തന്നെയും തന്റെ മകനെയും കൊല്ലുമെന്ന് നിരവധി തവണ ഭീഷണി മുഴക്കിയതായി പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. ജാതിപ്പേർ വിളിച്ച് അപമാനിക്കുകയും ചെയ്തു.

2021 ജൂലൈ 25 ന് പെൺകുട്ടിയുടെ പിതാവ് സനലിന്റെ ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് ദുഃഖിതനായി കാണപ്പെട്ട സനലിനെ അതേദിവസം ഉച്ചയ്ക്ക് ബന്ധുവീട്ടിലെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി പരാതിയിൽ പറയുന്നു. മകന്റെ ആത്മഹത്യക്ക് കാരണക്കാരൻ പെൺകുട്ടിയുടെ പിതാവാണെന്ന് പരാതിയിൽ പറയുന്നു. ഇതിനെതിരെ താൻ നൽകിയ പാരാതി പയ്യോളി സിഐയും കോഴിക്കോട് റൂറൽ പൊലീസ് ഡപ്യൂട്ടി സൂപ്രണ്ടും വേണ്ടവിധം അന്വേഷിക്കാത്ത സാഹചര്യത്തിലാണ് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →