കോഴിക്കോട്: ഫറോക്ക് താലൂക്ക് ആശുപത്രി ഓപ്പറേഷന്‍ തീയേറ്റര്‍ നവീകരണം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഓപ്പറേഷന്‍ തീയേറ്റര്‍ നവീകരണത്തിനായി എംഎല്‍എ ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും എല്ലാവിധ സഹായങ്ങളും ഉറപ്പാക്കുമെന്നും ആശുപത്രിയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി അറിയിച്ചു. ഇവിടേക്കുവേണ്ട ഉപകരണങ്ങളുടെ ലിസ്റ്റും മറ്റു ആവശ്യങ്ങളും ആശുപത്രി അധികൃതര്‍ മന്ത്രിയെ അറിയിച്ചു.
2020 സെപ്തംബറില്‍ ആരംഭിച്ച ഓപ്പറേഷന്‍ തീയറ്ററില്‍ ഇതുവരെ ഒരു സുപ്രധാന ശസ്ത്രക്രിയയടക്കം 43 ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനായി മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ദേശീയ ആരോഗ്യദൗത്യത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ കൈക്കൊള്ളും. ഫറോക്ക് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എന്‍.സി.അബ്ദുള്‍ റസാഖ് അധ്യക്ഷനായി. ഡോ.അഭിലാഷ് കെ.ജി.വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.നിഷാദ്, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇ.കെ താഹിറ, ഡിപിഎം ഡോ നവീന്‍, സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ സജ്ന സി.പി, നഴ്സിങ് ഓഫീസര്‍ അബില്‍, എച്ച്എംസി അംഗങ്ങളായ ഗിരീഷ്, ഉമ്മര്‍ പാണ്ടികശാല തുടങ്ങിയവര്‍ പങ്കെടുത്തു. മികച്ച സേവനത്തിന് സീനിയര്‍ നഴ്സിങ് ഓഫീസര്‍ ബിന്ദു, നഴ്സിങ് ഓഫീസര്‍ ജാനറ്റ് ഇവാലിന്‍ എന്നിവര്‍ക്ക് ചടങ്ങില്‍ ഉപഹാരങ്ങള്‍ കൈമാറി.