പത്തനംതിട്ട: കോവിഡ്: വൃദ്ധസദനങ്ങളിലും ബാലസദനങ്ങളിലും കൂടുതല്‍ ശ്രദ്ധ നല്‍കണം: ജില്ലാ കളക്ടര്‍

പത്തനംതിട്ട: കോവിഡ് സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ വൃദ്ധസദനങ്ങളിലും ബാലസദനങ്ങളിലും കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ നിര്‍ദേശിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് കളക്ടറുടെ നിര്‍ദേശം. 

സാക്ഷരതാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍മാര്‍, സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിലെ രണ്ടു വൃദ്ധസദനങ്ങളില്‍ കോവിഡ് വ്യാപനം കണ്ടെത്തിയിരുന്നു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെങ്കിലും കൂടുതല്‍ പേരിലേക്കു രോഗം വ്യാപിക്കാതെ ശ്രദ്ധിക്കണം. ഇതിനായി വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണം. വാക്‌സിനേഷന്‍ ക്യാമ്പ് നടത്തി വൃദ്ധസദനങ്ങളിലെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്നും ഇവിടെ സന്ദര്‍ശകര്‍ എത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്നും കളക്ടര്‍ പറഞ്ഞു. നീറ്റ് പരീക്ഷ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തണം. ഇന്‍വിജിലേറ്റര്‍മാര്‍ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. കോവിഡ് ബാധിതരായിട്ടുള്ളവര്‍ക്കും രോഗലക്ഷണമുള്ളവര്‍ക്കുമായി പരീക്ഷാ കേന്ദ്രങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും കളക്ടര്‍ യോഗത്തില്‍ പറഞ്ഞു.  

ജില്ലയിലെ വൃദ്ധസദനങ്ങളുടെയും ബാലസദനങ്ങളുടെയും കണക്ക് ശേഖരിക്കണമെന്നും ഈ കേന്ദ്രങ്ങളില്‍ കോവിഡ് വ്യാപിക്കാതിരിക്കാനുള്ള മുന്നറിയിപ്പ് നല്‍കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.  

യോഗത്തില്‍ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, ഡിഎംഒ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ, അഡീഷണല്‍ എസ്.പി കെ.രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →