ബംഗാളിൽ ബി.ജെ.പി എം.പിയുടെ വീടിന് നേരേ ബോംബേറ്

കൊൽക്കത്ത: ബംഗാളിലെ ബി.ജെ.പി എം.പി അര്‍ജുന്‍ സിങ്ങിന്റെ വീടിന് നേരേ ബോംബേറ്. കൊല്‍ക്കത്തയ്ക്ക് സമീപം ജഗദ്താലിലെ വീടിന് നേരേ 08/09/21ബുധനാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്.

ബൈക്കിലെത്തിയവര്‍ വീടിന് നേരേ മൂന്ന് ബോംബുകളെറിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചു. ആശങ്കയറിയിച്ച് ബംഗാൾ ഗവർണർ ജഗദീപ് ധൻകറും രംഗത്തെത്തി. ബംഗാളില്‍ ആക്രമണങ്ങള്‍ അവസാനിക്കുന്നതിന്റെ യാതൊരു ലക്ഷണവും കാണുന്നില്ലെന്ന് ഗവര്‍ണർ ട്വീറ്റ് ചെയ്തു.

പാര്‍ലമെന്റ് അംഗത്തിന്റെ വീടിനുനേരെയുണ്ടായ ബോംബാക്രമണം ക്രമസമാധാന നിലയെ ആശങ്കപ്പെടുത്തുന്നതാണ്. ബംഗാള്‍ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും സുരക്ഷാ പ്രശ്നം നേരത്തെ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താനായി പ്രദേശത്തെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചുവരികയാണെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഭവാനിപൂർ ഉപതെരെഞ്ഞെടുപ്പിനു മുന്നോടിയായി മമത ബാനര്‍ജി പ്രചരണ പരിപാടികള്‍ ആരംഭിച്ചു. മമതയ്ക്ക് മുഖ്യമന്ത്രിയായി തുടരണമെങ്കിൽ ഉപതെരെഞ്ഞെടുപ്പിൽ വിജയിക്കണം. മേയിൽ തെരഞ്ഞെടുപ്പ്​ നടക്കാതിരുന്ന മുർഷിദാബാദ്​ ജില്ലയിലെ സംസർഖഞ്ച്​, ജാങ്കിപൂർ സീറ്റുകൾക്കൊപ്പം സെപ്​റ്റംബർ 30നായിരിക്കും ഭവാനിപൂരിൽ ഉപതെരഞ്ഞെടുപ്പ്​ നടക്കുക. ഒക്​ടോബർ മൂന്നിനായിരിക്കും വോ​ട്ടെണ്ണൽ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →