തിരുവനന്തപുരം: ആധുനിക സജ്ജീകരണങ്ങളോടെ ‘ടേക്ക് എ ബ്രേക്ക്’ ശുചിമുറി സമുച്ചയങ്ങളൊരുങ്ങി; സെപ്. 7ന് നാടിന് സമർപ്പിക്കും

തിരുവനന്തപുരം: വഴി യാത്രികർക്കായി ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ ആധുനിക സജ്ജീകരണങ്ങളോടെ വിശ്രമകേന്ദ്രങ്ങളൊരുക്കുന്ന ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയിൽ 100 പൊതുശുചിമുറി സമുച്ചയങ്ങളും വഴിയോര വിശ്രമകേന്ദ്രങ്ങളും തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻമാസ്റ്റർ സെപ്. 7ന് നാടിന് സമർപ്പിക്കും. വൈകിട്ട് മൂന്നിന് ഓൺലൈനായാണ് മന്ത്രി ഉദ്ഘാടനം നിർവഹിക്കുക. സ്ത്രീകൾക്കും കുട്ടികൾക്കുമുൾപ്പെടെ ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയിൽ ആധുനിക സംവിധാനങ്ങളടങ്ങുന്ന ശുചിമുറി സമുച്ചയങ്ങളും കോഫി ഷോപ്പുകളോടു കൂടിയ  ഉന്നതനിലവാരത്തിലുളള വിശ്രമ കേന്ദ്രങ്ങളുമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രണ്ടാം ഘട്ടത്തിൽ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. എല്ലാ ടോയിലറ്റുകളിലും സാനിട്ടറി നാപ്കിൻ ഡിസ്‌ട്രോയർ, അജൈവമാലിന്യ സംഭരണ സംവിധാനങ്ങൾ, അണുനാശിനികൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. നവകേരളം കർമ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന കർമ്മ പരിപാടിയിലുൾപ്പെടുത്തി പ്രഖ്യാപിച്ച പദ്ധതിയാണ് ‘ടേക്ക് എ  ബ്രേക്ക്’.

ഒന്നാം ഘട്ടത്തിൽ 100 ശുചിമുറി സമുച്ചയങ്ങൾ നാടിന് സമർപ്പിച്ചു. 524 എണ്ണം ശുചിമുറി സമുച്ചയങ്ങളുടെ നിർമാണം പുരോഗതിയിലാണ്. കുടുംബശ്രീ പ്രവർത്തകർക്കായിരിക്കും ഇതിന്റെ നടത്തിപ്പിനുള്ള ചുമതല.
നവകേരളം കർമ്മ പദ്ധതി കോർഡിനേറ്റർ ഡോ.ടി.എൻ സീമ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ,  തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി സൗരഭ് ജയിൻ, ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ മിർ മുഹമ്മദ് അലി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →