* വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് സഹകരണ സംഘം ഓഫീസ് തുറന്നു
തിരുവനന്തപുരം: സഹകരണ മേഖലയിലെ ഒറ്റപ്പെട്ട രൂപത്തിലുള്ള ക്രമവിരുദ്ധ പ്രവർത്തനങ്ങളുണ്ടായതിന്റെ പശ്ചാത്തലത്തിൽ ഭാവിയിൽ ക്രമക്കേടുകൾ ഉണ്ടാകാതിരിക്കാൻ സമഗ്രമായ നിയമ ഭേദഗതി അടിയന്തരമായി നടപ്പിലാക്കുമെന്ന് സഹകരണം, രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അടുത്ത നിയമസഭാ സമ്മേളനത്തിൽ തന്നെ ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും യുവജന സഹകരണ സംഘങ്ങളുടെ ഉദ്ഘാടന യോഗത്തിലെ അദ്ധ്യക്ഷ പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. രാജ്യത്ത് ഒരിടത്തും കാണാൻ കഴിയാത്ത തരത്തിലുള്ള വൈവിദ്ധ്യങ്ങളായ പദ്ധതികൾ ഉൾപ്പെട്ട സഹകരണ സംഘങ്ങളാണ് യുവജന സഹകരണ സംഘങ്ങളിലൂടെ സ്ഥാപിക്കപ്പെടുന്നത്. ചരിത്ര ഏടുകളിൽ സ്ഥാനം പിടിക്കുന്ന തരത്തിലുള്ള പുതിയ കാൽവയ്പ്പാണ് യുവജന സഹകരണ സംഘങ്ങൾ.
നിർമ്മാണം, വ്യവസായം, വ്യാപാരം, ഐടി, കാർഷിക സേവന രംഗം എന്നിങ്ങനെ വിവിധ മേഖലകളിലെ പദ്ധതികളാണ് യുവ സംഘങ്ങൾ മുന്നോട്ടു വയ്ക്കുന്നത്. ഇവർക്ക് ഭാവിയിൽ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനായി ആവശ്യമായ പരിശീലനവും സഹായങ്ങളും സർക്കാർ നൽകും. പ്രതിസന്ധി ഘട്ടങ്ങളിൽ സാധാരണക്കാർക്ക് ആവശ്യമായ സഹായങ്ങളുമായി എത്തി ഒരു സമാന്തര സാമ്പത്തിക സങ്കേതമായി മാറി വിപുലമായ രീതിയിലാണ് ഇന്ന് സഹകരണ മേഖല പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രളയകാലത്തും മഹാമാരിക്കാലത്തും ജനങ്ങൾക്കായി നിരവധി പദ്ധതികളാണ് സഹകരണ മേഖല ഏറ്റെടുത്തത്.
വായ്പാ പലിശ ഇളവ്, കുറഞ്ഞ പലിശ നിരക്കിൽ വായ്പ, 2600 കുടുംബങ്ങൾക്ക് ഭവന പദ്ധതി തുടങ്ങിയവയ്ക്ക് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 226 കോടി രൂപ നൽകാനും സഹകരണ മേഖലയ്ക്കു കഴിഞ്ഞു. വിദ്യാതരംഗിണി പദ്ധതി വഴി വിദ്യാർത്ഥികൾക്ക് 78 കോടി രൂപ മൊബൈൽ ഫോണും ടാബ് ലെറ്റും ലാപ്ടോപ്പും വാങ്ങുന്നതിനും അനുവദിച്ചു. ഇത്തരത്തിൽ എല്ലാ മേഖലയിലും സഹകരണ മേഖലയിൽ നിരവധി ഇടപെടലുകൾ നടത്തിയ സഹകരണ മേഖലയുടെ മറ്റൊരു ചരിത്രപരമായ കാൽവയ്പ്പാണ് യുവജന സഹകരണ സംഘമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിന് മുമ്പ് ശാസ്തമംഗലം ശ്രീരംഗം ലെയിനിലുള്ള വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് യുവജന സഹകരണ സംഘത്തിന്റെ ഓഫീസ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.