നഗരസഭ വാക്കുതെറ്റിച്ചു : ക്ഷീര കര്‍ഷകന്‍ പ്രതിസന്ധിയില്‍

ആര്യനാട്‌ : തിരുവനന്തപുരം ഗോശാലയില്‍ എല്ലുംതോലുമായി നിന്നതുള്‍പ്പെടയുളള 34 പശുക്കളെ ഏറ്റെടുത്ത്‌ പരിപാലിക്കുന്ന ക്ഷീര കര്‍ഷകന്‍ പ്രതിസന്ധിയിലായി. ആര്യനാട്‌ കടുവാ കുഴിക്കുസമീപമുളള മുഹമ്മദ്‌ അഷ്‌ക്കറാണ്‌ നഗരസഭ ഉറപ്പുകള്‍ തെറ്റിച്ചതോടെ പ്രതിസന്ധിയിലായത്‌. കന്നുകാലികള്‍ക്കുളള ചെലവുകള്‍ നല്‍കാമെന്ന തിരുവനന്തപുരം നഗരസഭയുടെ ഉറപ്പിലാണ്‌ പശുക്കളെ അഷ്‌ക്കര്‍ ഏറ്റെടുത്തത്‌. എന്നാല്‍ കഴിഞ്ഞ ആറുമാസമായി യാതൊരു സഹായവും കോര്‍പ്പറേഷന്‍ നല്‍കുന്നില്ല. ഇതോടെയാണ്‌ പശുസ്‌നേഹിയും പൊതുപ്രവര്‍ത്തകനുമായ അഷ്‌ക്കര്‍ വെട്ടിലായത്‌. ഇപ്പോള്‍ പശുക്കളുടെ സകല ചെലവുകളും വഹിക്കേണ്ട ഗതികേടിലാണ്‌. അഷ്‌ക്കര്‍.

നടനും എംപിയുമായ സുരേഷ്‌ ഗോപി നല്‍കിയ ഗീര്‍ കാളയുള്‍പ്പെട 22 കാളകളും ,വെച്ചൂര്‍, കാസര്‍കോട്‌ കുളളന്‍എന്നിങ്ങനെ 11 പശുക്കളും ,ഒരു പശുക്കുട്ടിയും ആണ്‌ ഇവിടെ പരിപാലിക്കപ്പെടുന്നത്‌. തിരുവനന്തപുരം കോട്ടക്കകം കുതിരമാളികയ്‌ക്ക്‌ സമീപമുളള ഗോശാലയില്‍ നരകയാതന അനുഭവിക്കുകയായിരുന്ന പശുക്കളെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന്‌ 2020 ഫെബ്രുവരിയിലാണ്‌ നഗരസഭ ഏറ്റെടുത്ത്‌ വിളപ്പില്‍ശാല ചവര്‍ഫാക്ടറിയില്‍ എത്തിക്കാന്‍ ശ്രമിച്ചത്‌. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന്‌ ആര്യനാട്‌ അഷ്‌ക്കറിന്റെ സ്വകാര്യ ഫാമില്‍ എത്തിക്കുകയും ഇവക്കുളള എല്ലാ സൗകര്യവും വാഗ്‌ദാനം ചെയ്യുകയുമായിരുന്നു. എന്നാല്‍ ഒരുവര്‍ഷം മാത്രമാണ്‌ നഗരസഭ വക്കുപാലിച്ചത്‌. കഴിഞ്ഞ ആറുമാസമായി കോര്‍പ്പറേഷന്‍ യാതൊരു സഹായവും ചെയ്യുന്നില്ല.

പശുക്കള്‍ക്ക്‌ രണ്ട്‌ മൃഗ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നഗരസഭ ജീവനക്കാരുടെ സംഘം കൃത്യമായി പരിപാലനം നല്‍കുമെന്നും ഭക്ഷണവും മറ്റുചെലവുകളും അടക്കം ഇതിനുളള എല്ലാ സംവിധാനവും നഗരസഭ ഒരുക്കുമെന്നും ഫാമിന്‌ വാടകയും നല്‍കുമെന്നും കോര്‍പ്പറേഷന്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ദിവസേന പശുക്കള്‍ക്ക തീറ്റ ,വൈക്കോല്‍, മരച്ചീനി,മരുന്ന്‌ ഉള്‍പ്പെടെ നല്‍കാന്‍ 3500 രൂപയോളം കണ്ടെത്തേണ്ട അവസ്ഥയാണ ഇപ്പോള്‍ അഷ്‌ക്കറിന്‌. ദിവസവും ഇവക്ക്‌ രണ്ട്‌ചാക്ക്‌ തീറ്റയിലധികം ആവശ്യമാണ്‌. പശുക്കളെ ഫാമിലെത്തിച്ച ആദ്യ നാളുകളില്‍ നിരവധി പ്രമുഖര്‍ പശുക്കള്‍ക്ക്‌ തീറ്റയെത്തിച്ചുനല്‍കിയിരുന്നു. പിന്നീട്‌ അതെല്ലാം നിലയ്‌ക്കുകയായിരുന്നു.

Share
അഭിപ്രായം എഴുതാം