കാസർകോട്: സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളില്‍ പരിശീലന സൗകര്യം വര്‍ധിപ്പിക്കും- മേഴ്‌സി കുട്ടന്‍

കാസർകോട്: അടുത്ത അധ്യയന വര്‍ഷമാകുമ്പോഴേക്കും സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലെ കായികതാരങ്ങള്‍ക്ക് മെച്ചപ്പെട്ട പരിശീലന സൗകര്യമൊരുക്കുമെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ മേഴ്‌സി കുട്ടന്‍ പറഞ്ഞു. കാസര്‍കോട് ഉദയഗിരിയില്‍ സ്‌പോര്‍ട്‌സ് കൗൺസിലിന്റെ സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ സൗകര്യങ്ങള്‍ വിലയിരുത്തുകയായിരുന്നു മേഴ്‌സി കുട്ടന്‍. ഹോസ്റ്റലിലെ കായിക താരങ്ങളോടും പരിശീലകരോടും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികളോടും അവര്‍ സംസാരിച്ചു. കബഡി, വോളിബോള്‍ ടീമുകള്‍ ഉള്ള ഹോസ്റ്റലില്‍ ജിം അടക്കമുള്ള സംവിധാനങ്ങള്‍ വേണമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹബീബ് റഹ്‌മാന്‍ ആവശ്യപ്പെട്ടു.

രണ്ട് വോളിബോള്‍ കോര്‍ട്ടുകളുടെ നവീകരണമടക്കം അനുഭാവപൂര്‍വം പരിഗണിക്കാമെന്നും വിഷയം കായിക വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നും മേഴ്‌സി കുട്ടന്‍ പറഞ്ഞു. ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടത്തിയ ഒളിമ്പിക് ക്വിസില്‍ ഒന്നാം സ്ഥാനം നേടിയ അഭിനന്ദ്(സി.ജെ.എച്ച്.എസ്.എസ്.ചട്ടഞ്ചാല്‍), രണ്ടാം സ്ഥാനം നേടിയ കാര്‍ത്തിക്(ജി.എച്ച്.എസ്.എസ്.കക്കാട്ട്), മൂന്നാം സ്ഥാനം നേടിയ മീര(ജി.എച്ച്.എസ്.എസ് കുണ്ടംകുഴി) എന്നിവര്‍ക്ക് മേഴ്‌സി കുട്ടന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പി.പി.അശോകന്‍, എക്‌സിക്യുട്ടീവ് അംഗങ്ങളായ വിജയമോഹന്‍, പള്ളം നാരായണന്‍, ജില്ലാ സ്‌പോര്‍ട് കൗണ്‍സില്‍ സെക്രട്ടറി ആന്‍ഡ് സ്‌പോര്‍ട്‌സ് ഓഫീസര്‍ സുദീപ് ബോസ് എം.എസ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →