ന്യൂഡല്‍ഹി: സംഘ്പരിവാര്‍ സംഘടനയായ ഭാരതീയ കിസാന്‍ സംഘ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുന്നു.കാര്‍ഷിക നിയമങ്ങള്‍, താങ്ങുവില എന്നിവയെക്കുറിച്ചു തങ്ങളുന്നയിച്ച ആവശ്യങ്ങളില്‍ ഓഗസ്റ്റ് 31-നകം തീരുമാനമെടുക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നാണു പരാതി. വരുന്ന എട്ടിന് രാജ്യവ്യാപകമായി ധര്‍ണ സംഘടിപ്പിക്കാനാണു തീരുമാനം.കാര്‍ഷിക നിയമങ്ങളെച്ചൊല്ലിയുള്ള കര്‍ഷകരുടെ ആശങ്കകള്‍ പരിഗണിക്കണമെന്നും വിളകളുടെ ഉത്പാദനച്ചെലവിനെ അടിസ്ഥാനപ്പെടുത്തി താങ്ങുവില നിശ്ചയിക്കാന്‍ നിയമം കൊണ്ടുവരണമെന്നുമാണു കിസാന്‍ സംഘിന്റെ പ്രധാന ആവശ്യം.മോദി സര്‍ക്കാരിന് ഓഗസ്റ്റ് 31 വരെ സമയം നല്‍കിയെന്നും അനുകൂല സൂചനകളൊന്നും ലഭിക്കാത്തതിനാലാണു പ്രതിഷേധത്തിനു തീരുമാനിച്ചതെന്നും കിസാന്‍ സംഘ് ട്രഷറര്‍ യുഗല്‍ കിഷോര്‍ മിശ്ര പറഞ്ഞു.
കാര്‍ഷിക നിയമം: രാജ്യവ്യാപക പ്രതിഷേധത്തിന് ഭാരതീയ കിസാന്‍ സംഘും
