കരടി ഭീതിയില്‍ മൈലാടുംപാറ നിവാസികള്‍

പത്തനാപുരം : കഴിഞ്ഞ ഒരാഴ്‌ചയായി കരടി ഭീതിയിലാണ്‌ പട്ടാഴി മൈലാടുംപാറ നിവാസികള്‍. ഈ പ്രദേശത്ത ചിലര്‍ കരടിയെ കണ്ടതായി വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ പരിശോധനയില്‍ കണ്ടെത്തിയ കാല്‍പ്പാടുകള്‍ കരടിയുടെതല്ലെന്നാണ്‌ വനം വകുപ്പിന്റെ നിഗമനം. പട്ടാഴിയുടെ വിവിധ ഭാഗങ്ങളില്‍ കരടിയെ കണ്ടതായി അഭ്യൂഹമുയര്‍ന്നതോടെ വനം വകുപ്പ്‌ തെരച്ചില്‍ തുടരുകയാണ്‌. പത്തനാപുരം റേഞ്ച്‌ ഓഫീസര്‍ ദിലീപിന്റെ നേതൃത്വത്തിലാണ്‌ തെരച്ചില്‍. കാട്ടാമല കുളപ്പാറ, കക്കുഴി ഭാഗങ്ങളില്‍ തെരഞ്ഞെങ്കിലും കരടിയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ല.

ഇതിനിടെ പട്ടാഴി തെക്കത്തേരി ഭാഗത്തും ഇരുപ്പാക്കുഴിയിലും കരടിയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചു. തെക്കേത്തേരി നീര്‍ക്കുഴിയിലെ വയലിന്‌ സമീപം തൊഴിലാലികളാണ്‌ കരടിയെ കണ്ടത്‌. പട്ടാഴിയുടെ തെക്കന്‍ മേഖലകള്‍ ഉള്‍പ്പെട്ട പ്രദേശങ്ങലില്‍ വരും ദിവസങ്ങളിലും തെരച്ചില്‍ ഊര്‍ജ്ജിതമാക്കാനാണ്‌ വനപാലകരുടെ തീരുമാനം. കരടിക്കായി തെരച്ചില്‍ നടത്തുന്നതിനിടെ കാട്ടുപന്നിയെ കണ്ടെത്തിയെങ്കിലും വെടിവയ്‌ക്കാന്‍ തോക്കില്‍ ഉണ്ടയിടുന്നതിനിടെ പന്നി ഓടിപ്പോയി .കുറുനരിയേയും കണ്ടെത്തിയതായി പറയുന്നു. ഭീതിവേണ്ടെന്ന്‌ വനപാലകര്‍ പറയുന്നുണ്ടെങ്കിലും പ്രദേശ വാസികള്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ്‌..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →