പത്തനംതിട്ട: സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യം: തദ്ദേശസ്ഥാപനങ്ങള്‍ ശക്തമായി ഇടപെടണം – ജില്ലാ വികസന സമിതി

പത്തനംതിട്ട: സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യം എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉറപ്പാക്കുന്നതിനുള്ള നടപടി വേഗമാക്കണമെന്നും തദ്ദേശസ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ശക്തമായി ഇടപെടണമെന്നും ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരനാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യം ലഭിക്കുന്നെന്ന് പട്ടികവര്‍ഗ വികസന വകുപ്പ് ഉറപ്പാക്കണമെന്ന് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ നിര്‍ദേശിച്ചു. ജില്ലയിലെ എത്ര വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യം ഇനിയും ലഭ്യമാകാനുണ്ടെന്നത് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സമിതി വിലയിരുത്തണമെന്നും യോഗം നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ഉടന്‍ വിളിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.

കെഐപിയുമായി ബന്ധപ്പെട്ട കനാലിലെയും ബന്ധപ്പെട്ട സ്ഥലങ്ങളിലെയും കാട് തെളിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും അഡ്വ. ജനീഷ് കുമാര്‍ എംഎല്‍എയും നിര്‍ദേശിച്ചു. തിരുവല്ല-പൊടിയാടി റോഡ് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഈ റോഡ് നിര്‍മാണം മൂലം ഉണ്ടായിട്ടുള്ള ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ നിര്‍ദേശിച്ചു. വിള നശിപ്പിക്കുന്ന കാട്ടുപന്നികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിച്ച് വേട്ടയാടാന്‍ അനുവദിക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ. കെ. ജയവര്‍മ്മ ആവശ്യപ്പെട്ടു.

വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ വകുപ്പുകള്‍ ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ ഉദ്യോഗസ്ഥര്‍ വസ്തുതാപരമായ വിവരം നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →