പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷം; വടക്കൻ കേരളത്തിൽ ആയിരക്കണക്കിന് സീറ്റുകളുടെ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പൊഴും സീറ്റുകളുടെ എണ്ണക്കുറവ് കനത്ത വെല്ലുവിളിയാകുന്നു. വടക്കന്‍ ജില്ലകളില്‍ മാത്രം ഇരുപതിനായിരത്തോളം പ്ളസ് വണ്‍ സീറ്റുകളുടെ കുറവാണുളളത്. മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ളസ് കിട്ടിയവര്‍ക്കു പോലും സീറ്റ് ഉറപ്പില്ലാത്ത സ്ഥിതിയാണ്.

പരീക്ഷയെഴുതിയവരില്‍ പകുതിയോളം പേര്‍ക്കും ഫുള്‍ എ പ്ളസ് കിട്ടിയ നൊച്ചാട് ഹയർസെക്കന്ററി സ്കൂളിലെ സ്ഥിതി നോക്കാം. 570പേര്‍ പത്താം ക്ളാസ് പാസായപ്പോള്‍ 235പേർക്ക് മുഴുവന്‍ എ പ്ലസ് കിട്ടി. ഈ സ്കൂളിലെ ആകെ പ്ളസ് വണ്‍ സീറ്റുകളുടെ എണ്ണമാകട്ടെ 420. മാനേജ്മെന്റ് ക്വാട്ട, സംവരണം ഉള്‍പ്പെടെ വിവിധ മുന്‍ഗണനാക്രമങ്ങള്‍ക്കൂടി ആകുന്നതോടെ എ പ്ളസുകാര്‍ക്കു പോലും ഇഷ്ടവിഷയത്തിൽ സീറ്റ് തികയാതെ വരും.

തൃശ്ശുർ മുതൽ കാസർകോട് വരെയുളള ഏഴ് ജില്ലകളിലെ ഒട്ടുമിക്ക സ്കൂളുകളിലെയും സ്ഥിതി ഇതു തന്നെയാണ്. സംസ്ഥാനത്ത് ഏറ്റവുമധികം വിദ്യാർത്ഥികൾ പത്താം ക്ളാസ് പാസായ മലപ്പുറത്തെ സ്ഥിതി നോക്കാം. 75,257 കുട്ടികളാണ് പത്താം ക്ളാസ് പാസായത്. എന്നാല്‍ ഇവിടെ ആകെയുളളത് 50,340 പ്ലസ് വൺ സീറ്റുകള്‍ മാത്രം. അതായത്25,000ലേറെ വിദ്യാർത്ഥികൾക്ക് ഉപരി പഠനത്തിന് മറ്റു വഴികള്‍ തേടണമെന്ന് ചുരുക്കം.

ഈ ഏഴ് ജില്ലകളിലെ കണക്ക് നോക്കിയാല്‍ കുറവുളള പ്ളസ് വണ്‍ സീറ്റുകളുടെ എണ്ണം അറുപതിനായിരത്തോളമാണ്. മലബാറിലെ പ്ളസ് വണ്‍ പ്രതിസന്ധി തിരിച്ചറിഞ്ഞായിരുന്നു ഈ മേഖലയില്‍ 20 ശതമാനം സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സീറ്റ് കൂട്ടാന്‍ മന്ത്രി സഭ തീരുമാനിക്കുകയും ചെയ്തു.

അതായത് 1,99,276 സീറ്റുകളുളള ഏഴ് വടക്കന്‍ ജില്ലകളില്‍ 40000 സീറ്റ് വരെ കൂടാം. അങ്ങിനെ വന്നാലും 20000ത്തോളം സീറ്റുകളുടെ കുറവ്. സിബിഎസ്ഇ ഐസിഎസ് സി സിലബസുകളില്‍ പഠിച്ച കുട്ടികള്‍ കൂടി എത്തുന്നതോടെ പ്രതിസന്ധിയുടെ തോത് ഉയരും. സ്ഥിതി സങ്കീര്‍ണ്ണം മലബാറിലാണെങ്കിലും തെക്കന്‍ കേരളത്തിലെ ചില ജില്ലകളിലും പ്ളസ് വണ്‍ സീറ്റുകളടെ കാര്യത്തില്‍ പ്രശ്നങ്ങളുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →