ജയ്ഷെ മുഹമ്മദ് നേതാക്കള്‍ താലിബാനെ സമീപിച്ചു; കശ്മീരില്‍ ജാഗ്രത പുലര്‍ത്തി ഇന്ത്യ

കാബൂള്‍: ഇന്ത്യയെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങള്‍ക്കു പിന്തുണതേടി പാക് ഭീകരസംഘടന ജെയ്ഷെ മുഹമ്മദ് നേതൃത്വം താലിബാനെ സമീപിച്ചതെന്നാണു റിപ്പോര്‍ട്ട്. ഇതു കണക്കിലെടുത്ത് അതിര്‍ത്തിയിലും പ്രത്യേകിച്ച് ജമ്മു കശ്മീരില്‍ ജാഗ്രത പാലിക്കണമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കി. സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ നിരീക്ഷണം കര്‍ശനമാക്കാനും അതിര്‍ത്തിയില്‍ ജാഗ്രത പുലര്‍ത്താനും രഹസ്യാന്വേഷണ ഏജന്‍സികള്‍ നിര്‍ദേശം നല്‍കി. ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് പാകിസ്താനില്‍നിന്ന് രണ്ടു ഭീകരര്‍ നീക്കം തുടങ്ങിയതായി കഴിഞ്ഞ 24-ന് രഹസ്യവിവരം ലഭിച്ചിരുന്നു. ഭീകരവിരുദ്ധ വിഭാഗങ്ങള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നും അതിര്‍ത്തിയിലും സംസ്ഥാനങ്ങളിലും സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കണമെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ നിര്‍ദേശിച്ചു. ജയ്ഷെ നേതാക്കള്‍ കാണ്ഡഹാറിലെത്തിയാണ് താലിബാന്‍ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതെന്നു രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ അവിടത്തെ ജയിലുകളില്‍നിന്ന് നിരവധി ജയ്ഷെ ഭീകരരെ താലിബാന്‍ മോചിപ്പിച്ചിരുന്നു. ഇവര്‍ ഇന്ത്യയില്‍ ആക്രമണങ്ങള്‍ക്കു പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ജെയ്ഷെ നേതാക്കള്‍ താലിബാനുമായി കൂടിക്കാഴ്ച നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →