ചാവേര്‍ ആക്രമണത്തില്‍ വിറങ്ങലിച്ച് കാബൂൾ; മരണം 70 കടന്നു; ലക്ഷ്യം വച്ചത് അമേരിക്കന്‍ സേനയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചവരെയെന്ന് ഐ.എസ്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വിമാനത്താവളത്തില്‍ ഐ.എസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 73 ആയി. 60 അഫ്ഗാന്‍ പൗരന്മാരും 13 യു.എസ് സേനാംഗങ്ങളുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇരട്ട സ്‌ഫോടനം നടന്ന് കുറച്ച് സമയത്തിന് ശേഷം മൂന്നാമതും വിമാനത്താവളത്തിന്റെ പരിസരത്ത് ആക്രമണമുണ്ടായതായി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. 26/08/21 വ്യാഴാഴ്ച രാത്രി തന്നെ കാബൂളിലും മറ്റു ഭാഗങ്ങളിലുമായി കൂടുതല്‍ സ്‌ഫോടനങ്ങള്‍ നടന്നിട്ടുണ്ടാകാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിമാനത്താവളത്തിനടുത്ത് മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതിന്റെയും പരിഭ്രാന്തരായ ജനങ്ങള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെയും വീഡിയോകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണെന്നും ആംബുലന്‍സുകള്‍ ആവശ്യത്തിന് ലഭ്യമല്ലെന്നും പ്രദേശവാസികളും ആശുപത്രി അധികൃതരും അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

നേരത്തെ അമേരിക്കന്‍ സേനയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചവരെയും വിവര്‍ത്തകരെയുമാണ് തങ്ങള്‍ ലക്ഷ്യം വെച്ചതെന്നാണ് ഐ.എസ് അറിയിച്ചത്. ഐ.എസിന്റെ അഫ്ഗാനിസ്ഥാനിലെ ഗ്രൂപ്പായ ഇസ്‌ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ പ്രൊവിന്‍സാണ് (ഐ.എസ്.ഐ.എസ് – കെ) ആക്രമണത്തിന് പിന്നിലെന്ന് അമേരിക്ക പറഞ്ഞു. ഈ ഗ്രൂപ്പിനെതിരെ തിരിച്ചടിക്കാന്‍ പെന്റഗണിന് നിര്‍ദേശം നല്‍കിയതായും അമേരിക്ക അറിയിച്ചു.

2011 ല്‍ 30 സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിന് ശേഷം, അഫ്ഗാനിസ്ഥാനില്‍ നടന്ന ഒരു ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ യു.എസ് സൈനികര്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ആക്രമണത്തില്‍ ഐ.എസിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു.

കാബൂളിലെ ആക്രമണം അമേരിക്ക മറക്കില്ലെന്നും ഇത് നടത്തിയവര്‍ക്ക് മാപ്പ് നല്‍കില്ലെന്നും ബൈഡന്‍ പറഞ്ഞു. ‘ഈ ആക്രമണം നടത്തിയവരും അമേരിക്കയെ ഉപദ്രവിക്കാന്‍ ആഗ്രഹിക്കുന്നവരും ഇത് അറിയുക, ഞങ്ങള്‍ ക്ഷമിക്കില്ല. ഞങ്ങള്‍ മറക്കില്ല. ഞങ്ങള്‍ നിങ്ങളെ വേട്ടയാടി വീഴ്ത്തും. ഇതിന്റെ വില നിങ്ങള്‍ കൊടുക്കേണ്ടിവരും,” ബൈഡന്‍ പറഞ്ഞു.

ആക്രമണത്തില്‍ കൊല്ലപ്പെട്ട യു.എസ് സൈനികര്‍ ‘ഹീറോകള്‍’ ആണെന്ന് അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 31ഓടെ അമേരിക്കന്‍ സേനയുടെ പിന്മാറ്റം പൂര്‍ണമാകുമെന്ന് ആവര്‍ത്തിച്ച ബൈഡന്‍ ആ തീയതിക്ക് മുമ്പ് യു.എസ് സൈന്യം കഴിയുന്നത്ര ആളുകളെ പുറത്തെത്തിക്കുമെന്നും പറഞ്ഞു.

‘തീവ്രവാദികള്‍ക്ക് ഞങ്ങളെ തടയാനാവില്ല. ഞങ്ങളുടെ ദൗത്യം നിര്‍ത്താന്‍ ഞങ്ങള്‍ അവരെ അനുവദിക്കില്ല. ഒഴിപ്പിക്കല്‍ ഞങ്ങള്‍ തുടരും,” ബൈഡന്‍ പറഞ്ഞു. കാബൂളിലെ ആക്രമണങ്ങള്‍ നടത്തുന്നതില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി താലിബാന്‍ ഒത്തുകളിച്ചതിന് തെളിവുകളൊന്നും കണ്ടില്ലെന്നും ബൈഡന്‍ പറഞ്ഞു.

ആക്രമണത്തിന് പിന്നില്‍ ഐ.എസാണെന്ന് താലിബാനും അറിയിച്ചിരുന്നു. സ്ഫോടനത്തില്‍ തങ്ങളുടെ അംഗങ്ങളും കൊല്ലപ്പെട്ടിട്ടുണ്ടെന്നും താലിബാന്‍ വക്താവ് പറഞ്ഞു.

താലിബാനും ഐ.എസും തമ്മില്‍ കടുത്ത തര്‍ക്കങ്ങളും ശത്രുതയും നിലനില്‍ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ വന്നിരുന്നു. അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ, ജയിലില്‍ കഴിഞ്ഞിരുന്ന ഐ.എസ് നേതാവിനെ താലിബാന്‍ വധിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നേരത്തെ പ്രദേശത്ത് സ്വാധീനം നഷ്ടപ്പെട്ട ഐ.എസ് 2019ലാണ് ശക്തമായ തിരിച്ചുവരവ് നടത്താന്‍ തുടങ്ങിയത്.

നേരത്തെ കാബൂള്‍ വിമാനത്താവളത്തിലെ സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി പൗരന്മാര്‍ക്ക് ജര്‍മനിയും അമേരിക്കയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹമിദ് കര്‍സായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന മുന്നറിയിപ്പാണ് നല്‍കിയിരുന്നത്.

ആയിരക്കണക്കിന് അഫ്ഗാനികള്‍ മറ്റു രാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നതിനായി വിമാനത്താവളത്തില്‍ കൂട്ടം കൂടുന്ന സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു അമേരിക്കയുടെയും ജര്‍മനിയുടെയും സുരക്ഷാ മുന്നറിയിപ്പ്.

ഇതിന് പിന്നാലെ വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തിരുന്നു. വെടിവെയ്പ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →