ന്യൂഡല്‍ഹി: സെപ്റ്റംബറിലും ഒക്ടോബറിലുമൊക്കെ ഉത്സവങ്ങള്‍ നടക്കാനിരിക്കെ കോവിഡില്‍ സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത കാട്ടണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. ഓണാഘോഷത്തെ തുടര്‍ന്ന് കേരളത്തില്‍ മുപ്പതിനായിരത്തിനു മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ 58 ശതമാനവും കേരളത്തില്‍ നിന്നാണ്. വിഷയത്തില്‍ കേരളത്തിലെയും മഹാരാഷ്ട്രയിലെയും ചീഫ് സെക്രട്ടറിമാരുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ചര്‍ച്ച നടത്തും.കോവിഡ് രോഗികളുടെ ഒന്നോ രണ്ടോ സമ്പര്‍ക്കങ്ങളേ കേരളം കണ്ടെത്തുന്നുള്ളൂ. കൂടുതല്‍ കര്‍ശനമായ നിരീക്ഷണം വേണം. വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികളുടെ കാര്യത്തില്‍ പ്രത്യേകിച്ചും. അവര്‍ ഇറങ്ങിനടന്ന് അയല്‍പക്കത്തൊക്കെ രോഗം പടര്‍ത്തുന്നില്ലെന്ന് ഉറപ്പുവരുത്തണം.- ഭൂഷണ്‍ നിര്‍ദേശിച്ചു.കേരളം കഴിഞ്ഞാല്‍ മഹാരാഷ്ട്രയിലാണ് കൂടുതല്‍ കേസുകള്‍. മറ്റ് സംസ്ഥാനങ്ങളിലൊക്കെ തിരിച്ചുവരവാണ് കാണുന്നതെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി പറഞ്ഞു.
വരുന്നത് ഉത്സവ സീസണ്‍: കോവിഡില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
